റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 15,000-ത്തിലധികം പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. ജൂൺ 25 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് 15,591 നിയമലംഘകർ പിടിയിലായത്.
പിടിയിലായവരിൽ 7,759 പേർ ഇഖാമ നിയമ ലംഘകരും, 4,488 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,344 പേർ തൊഴിൽ നിയമലംഘകരുമാണ്.
നിയമവിരുദ്ധമായി അതിർത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1,629 പേരെ അധികൃതർ പിടികൂടി. ഇവരിൽ 53 ശതമാനം എത്യോപ്യൻ സ്വദേശികളും, 46 ശതമാനം യെമൻ സ്വദേശികളും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 58 പേരെയും സുരക്ഷാ സേന പിടികൂടി. നിയമലംഘകർക്ക് താമസസൗകര്യം, യാത്രസൗകര്യം, ജോലി എന്നിവ നൽകിയതിനും ഒത്താശ ചെയ്തതിനും 17 പേരും അറസ്റ്റിലായിട്ടുണ്ട്.
നിലവിൽ 25,412 പുരുഷന്മാരും 2,033 സ്ത്രീകളും ഉൾപ്പെടെ ആകെ 27,445 നിയമലംഘകർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 16,912 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് (Diplomatic missions) റഫർ ചെയ്തു. 4,174 പേർക്ക് ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. നടപടികൾ പൂർത്തിയാക്കിയ 12,292 നിയമലംഘകരെ ഇതിനകം തന്നെ നാടുകടത്തി (Deport).
**കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം:**
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നവർക്ക് ഏതെങ്കിലും രീതിയിലുള്ള സഹായമോ, അഭയമോ, യാത്രാസൗകര്യമോ നൽകുന്നത് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും പ്രോപ്പർട്ടികളും കണ്ടുകെട്ടുകയും ചെയ്യും.
പൊതുജനങ്ങൾ നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ (Eastern Province) എന്നിവിടങ്ങളിൽ ‘911’ എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ‘999’ അല്ലെങ്കിൽ ‘996’ എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കുള്ളിൽ 15,000-ത്തിലധികം പേർ അറസ്റ്റിൽ
















Leave a Reply