റിയാദ്: രാജ്യാന്തര ഉപരോധം നേരിടുന്ന ഒരു വിമാനക്കമ്പനിക്ക് തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് 777-200 വിമാനങ്ങൾ കൈമാറിയെന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ രംഗത്ത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) കമ്പനി പ്രസ്താവന പുറത്തുവിട്ടത്. വിവാദത്തിലായ വിമാനങ്ങൾ 2023 ജൂൺ 7-ന് തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത മറ്റൊരു കമ്പനിക്ക് വിറ്റതാണെന്നും, ബാധകമായ എല്ലാ വാണിജ്യ, നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് ഈ ഇടപാട് നടത്തിയതെന്നും സൗദിയ വ്യക്തമാക്കി.
“വിൽപന പൂർത്തിയായതിന് ശേഷം, ഈ വിമാനങ്ങളുടെ സർവീസുമായോ വാണിജ്യപരമായ കാര്യങ്ങളുമായോ സൗദിയക്ക് യാതൊരുവിധ ബന്ധവുമില്ല,” വിമാനം വാങ്ങിയ കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ സൗദിയ പ്രസ്താവനയിൽ അറിയിച്ചു.
തങ്ങളുടെ പക്കൽ നിന്നുപോയ വിമാനങ്ങൾ ഉപരോധം നേരിടുന്ന ഒരു വിമാനക്കമ്പനിയുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നതിനെത്തുടർന്നാണ്, വിമാനങ്ങളുടെ തുടർന്നുള്ള ഉപയോഗത്തിലോ സർവീസിലോ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി സൗദിയ പരസ്യമായി രംഗത്തെത്തിയത്.
മുമ്പ് ‘സൗദി അറേബ്യൻ എയർലൈൻസ്’ എന്നറിയപ്പെട്ടിരുന്ന സൗദിയ 1945 സെപ്റ്റംബറിലാണ് സ്ഥാപിതമായത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഈ വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിവരങ്ങൾ പ്രകാരം നിലവിൽ 149 ഓളം യാത്രാവിമാനങ്ങൾ ഇവർ സർവീസിനായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ എയർബസിന്റെ എ320, എ321, എ330 ശ്രേണിയിലുള്ള 95 വിമാനങ്ങളും, ബോയിംഗിന്റെ 777, 787 ഡ്രീംലൈനർ ശ്രേണിയിലുള്ള 54 വിമാനങ്ങളും ഉൾപ്പെടുന്നു.
വിമാനം വിറ്റത് 2023-ൽ;അന്താരാഷ്ട്ര ഉപരോധം നേരിടുന്ന എയർലൈന് വിമാനം കൈമാറിയെന്ന പ്രചാരണം തള്ളി സൗദി എയർലൈൻസ്
















Leave a Reply