ഏഡൻ: യുഎൻ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം കഴിഞ്ഞ നാല് വർഷമായി നിലനിന്നിരുന്ന സൈനിക നിശ്ചലാവസ്ഥയ്ക്ക് വിരാമമിട്ട് യമൻ സൈന്യം തിരിച്ചടി ശക്തമാക്കുന്നു. സനാ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ തകർത്തതും മരിബ്, അൽ-ജൗഫ്, ഹൊദൈദ എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ പ്രത്യാക്രമണങ്ങളും പോരാട്ടത്തിന്റെ ഗതി മാറ്റിയതായി വിലയിരുത്തപ്പെടുന്നു. ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പ്രാദേശികമായും അന്തർദേശീയമായും സമ്മർദ്ദം ശക്തമായത്.
വർഷങ്ങളായി നിലനിൽക്കുന്ന അടിച്ചമർത്തലുകൾക്കും സാമ്പത്തിക തകർച്ചക്കും അന്ത്യം കുറിച്ച് ഔദ്യോഗിക ഭരണകൂടം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഹൂതി ഭരണത്തിന് കീഴിൽ കഴിയുന്ന സാധാരണ ജനങ്ങൾ. അൽ-ദാലെ, തായിസ്, ഇബ്ബ് പ്രവിശ്യകളിൽ നിന്ന് സർക്കാർ സേന മുന്നേറിയാൽ പ്രാദേശികമായി ആയുധമേന്തിയ ജനകീയ പ്രതിരോധം ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര പ്രക്ഷോഭങ്ങളെ ഭയന്ന് ഹൂതികൾ ഗ്രാമങ്ങളിലും താമസമേഖലകളിലും കടുത്ത സുരക്ഷാ പരിശോധനകളും ചെക്ക്പോസ്റ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻപ് പ്രതിരോധത്തിലായിരുന്ന യമൻ ഭരണകൂടം ഇപ്പോൾ മുൻകൂട്ടിയുള്ള വ്യോമാക്രമണങ്ങളിലൂടെ ഹൂതികളുടെ ഡ്രോൺ താവളങ്ങളും മിസൈൽ ലോഞ്ചറുകളും തകർക്കുന്ന നയത്തിലേക്ക് മാറിയത് സൈനിക രംഗത്ത് വൻ മുന്നേറ്റമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ പിന്തുണയോടെയുള്ള പോരാട്ടം ഹൂതി ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ചയ്ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
