റിയാദ്: സൗദിയിൽ പ്രതിഭാശാലികളായ വിദ്യാർഥികളെ കണ്ടെത്തുന്നതിനുള്ള ദേശീയ പദ്ധതിയുടെ 17-ാമത് പതിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. മൗഹിബ മൾട്ടിപ്പിൾ കോഗ്നിറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലേക്കാണ് (MMCAT) രജിസ്ട്രേഷൻ.
കിംഗ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ), വിദ്യാഭ്യാസ മന്ത്രാലയം, എജുക്കേഷൻ ആൻഡ് ട്രെയിനിങ് ഇവാലുവേഷൻ കമ്മീഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2026 ഡിസംബർ 28 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി.
പ്രൈമറി മൂന്നാം ക്ലാസ് മുതൽ സെക്കൻഡറി ഒന്നാം വർഷം വരെയുള്ള വിദ്യാർഥികൾക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുക. ഭാഷ, ഗണിതം, ശാസ്ത്രം, സർഗാത്മകത തുടങ്ങിയ മേഖലകളിലെ കഴിവുകൾ കണ്ടെത്തുകയാണ് ലക്ഷ്യം.
അക്കാദമിക് കഴിവുകൾ, യുക്തിചിന്ത, ഭാഷാ-ഗണിതശേഷി, സ്ഥലപരവും സർഗാത്മകവുമായ ചിന്ത എന്നിവ MMCAT വിലയിരുത്തും. സൗദിയിലെ സർക്കാർ, സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകളിലെ വിദ്യാർഥികൾക്കും വിദേശത്ത് പഠിക്കുന്ന സൗദി വിദ്യാർഥികൾക്കും പരീക്ഷ എഴുതാം.
അറബിക് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ രാജ്യത്തുടനീളമുള്ള നൂറിലധികം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ കേന്ദ്രങ്ങളിൽ നേരിട്ട് പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്.
2011ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 7.76 ലക്ഷത്തിലധികം വിദ്യാർഥികളിൽ നിന്ന് 2.78 ലക്ഷത്തിലധികം പ്രതിഭാശാലികളായ വിദ്യാർഥികളെ കണ്ടെത്തിയതായി മൗഹിബ അറിയിച്ചു. ശാസ്ത്രം, എൻജിനീയറിങ്, മെഡിസിൻ തുടങ്ങിയ മേഖലകളിലെ വിവിധ അക്കാദമിക്, ഗവേഷണ, പരിശീലന പദ്ധതികളിലേക്ക് പ്രവേശനത്തിനുള്ള പ്രധാന കവാടമായും ഈ പദ്ധതി പ്രവർത്തിക്കുന്നു.
