റിയാദ്: സൗദി അറേബ്യയിലുടനീളം ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ വൻ പരിശോധനയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച 8,216 മോട്ടോർ സൈക്കിളുകളും മോട്ടോർ ഘടിപ്പിച്ച സൈക്കിളുകളും പിടിച്ചെടുത്തു. ജൂലൈ 19 മുതൽ 25 വരെയുള്ള ഒരു ആഴ്ചയ്ക്കുള്ളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്രയധികം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിയിലായത് റിയാദ് റീജിയണിലാണ്. റിയാദിൽ മാത്രം 4,407 ലംഘനങ്ങൾ രേഖപ്പെടുത്തി. തൊട്ടുപിന്നിലുള്ള ജിദ്ദയിൽ 1,862 വാഹനങ്ങളും മദീനയിൽ 558 വാഹനങ്ങളും പിടിച്ചെടുത്തു. ഈസ്റ്റേൺ പ്രൊവിൻസ് (414), മക്ക (205), തായിഫ് (204) എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ കണക്കുകൾ. കൂടാതെ ജിസാൻ, ഖസീം, നജ്റാൻ, അസീർ, തബൂക്ക്, ഹാഇൽ, അൽ ജൗഫ്, അൽ ബാഹ, നോർത്തേൺ ബോർഡേഴ്സ് എന്നിവിടങ്ങളിലും കർശന പരിശോധന നടന്നു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു. ഗതാഗത നിയമങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എല്ലാ വാഹനമോടിക്കുന്നവരോടും അധികൃതർ അഭ്യർത്ഥിച്ചു.
