റിയാദ്: റിയാദ് മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കുന്ന കരാറുകാർക്ക് നിർബന്ധിത അക്രഡിറ്റേഷൻ ഏർപ്പെടുത്തുമെന്ന് റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെന്റർ (RIPC) അറിയിച്ചു. 2027 ജനുവരി 1 മുതൽ RIPC അക്രഡിറ്റേഷൻ നേടിയ കമ്പനികൾക്ക് മാത്രമേ മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കാൻ അനുമതിയുണ്ടാകൂ.
പദ്ധതികളുടെ ഗുണനിലവാരം, സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുകയും നിർമാണ മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം. പ്രവർത്തന അപകടസാധ്യത കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ ആസ്തികളുടെയും സേവനങ്ങളുടെയും സ്ഥിരത മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് RIPC വ്യക്തമാക്കി.
പദ്ധതിയുടെ സ്വഭാവത്തിനും വലുപ്പത്തിനും അനുസരിച്ചുള്ള സാങ്കേതിക-പ്രവർത്തന ശേഷി, ആവശ്യമായ വിദഗ്ധ പരിചയം, സാമ്പത്തിക ശേഷി എന്നിവ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ നൽകുക.
അക്രഡിറ്റേഷൻ വിലയിരുത്തലിൽ സാങ്കേതിക-പ്രവർത്തന ശേഷിക്ക് 55 ശതമാനം, സാമ്പത്തിക സ്ഥിരതയ്ക്ക് 25 ശതമാനം, പ്രൊഫഷണൽ പരിചയത്തിന് 20 ശതമാനം എന്നിങ്ങനെയാണ് പ്രാധാന്യം നൽകുന്നത്.
റിയാദ് മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടപ്പാക്കലിൽ ഏകീകൃത മാനദണ്ഡങ്ങളും മികച്ച രീതികളും ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം.
