റിയാദ്: സൗദി അറേബ്യയിലെ ഈസ്റ്റേൺ പ്രൊവിൻസിലെയും റിയാദിലെയും പ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ സൗദി വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണ ശ്രമമുണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി.
ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള മിലിഷ്യകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഊർജ്ജ കേന്ദ്രങ്ങളും സംരക്ഷിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്നും, അനുയോജ്യമായ സമയത്തും സ്ഥലത്തും ഇതിന് ശക്തമായ മറുപടി നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
