റിയാദ്: കടുത്ത പ്രതിസന്ധികളുണ്ടായാലും ഉപഭോക്താക്കൾക്ക് എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും തുടർച്ചയായി വിതരണം ചെയ്യാനുള്ള പ്രവർത്തനശേഷിയും ലോജിസ്റ്റിക് സംവിധാനങ്ങളും സൗദി അരാംകോയ്ക്കുണ്ടെന്ന് സിഇഒ അമീൻ നാസർ പറഞ്ഞു.
പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ എണ്ണ കയറ്റുമതി മാർഗങ്ങൾ ഒരുക്കുന്നതും സൗദിക്ക് പുറത്തുള്ള സംഭരണശേഷി വർധിപ്പിക്കുന്നതും അരാംകോ പരിഗണിക്കുന്നുണ്ടെന്നും ജപ്പാനിലെ നിക്കൈ ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആഗോള ഊർജമേഖല നേരിടുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ലോകവിപണിയിലേക്ക് എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിതരണം ചെയ്യുന്നത് അരാംകോ തുടരുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കമ്പനിക്ക് നിരവധി ബദൽ മാർഗങ്ങളുണ്ടെന്നും നാസർ വ്യക്തമാക്കി.
2019ലെ എണ്ണസംസ്കരണ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ പരാമർശിച്ച അദ്ദേഹം, അന്നും 11 ദിവസത്തിനുള്ളിൽ അരാംകോ പൂർണ പ്രവർത്തനത്തിലേക്ക് മടങ്ങിയതായി ചൂണ്ടിക്കാട്ടി. സാധാരണയായി പ്രവർത്തന തടസ്സങ്ങൾ ആഴ്ചകളോ മാസങ്ങളോ അല്ല, ഏതാനും ദിവസങ്ങൾ മാത്രമാണ് നീണ്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ സംവിധാനത്തിൽ ഒന്നിലധികം പൈപ്പുകൾ ഉള്ളതിനാൽ മുഴുവൻ സംവിധാനവും ഒരേസമയം നിർത്തിവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇതിലൂടെ എണ്ണവിതരണം മറ്റ് മാർഗങ്ങളിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്നും നാസർ വിശദീകരിച്ചു.
ഉപഭോക്തൃ ആവശ്യം നിറവേറ്റാൻ ഈജിപ്തിലൂടെ ചെങ്കടലിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന സുമെഡ് പൈപ്പ്ലൈൻ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും അരാംകോയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വിപണികളുമായുള്ള നിലവിലെ ക്രൂഡ് ഓയിൽ കരാറുകൾ പ്രകാരമുള്ള വിതരണ ബാധ്യതകൾ അരാംകോ തുടർന്നും പാലിക്കുമെന്നും നാസർ വ്യക്തമാക്കി. നിലവിലുള്ള കരാറുകൾക്ക് പുറമെ വിവിധ വിപണികളിലേക്ക് നൽകാനായി ഉൽപാദിപ്പിച്ച അധിക എണ്ണയുടെ വിതരണം സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ പുനരാരംഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
