ന്യൂയോർക്ക്: സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ നടപ്പാക്കലിനായുള്ള ഗ്ലോബൽ അലയൻസ്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിന്റെ ഉന്നതതല വാരത്തോടനുബന്ധിച്ച് ചേർന്ന മന്ത്രിതല യോഗത്തിന് പിന്നാലെയാണ് സഹ അധ്യക്ഷർ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏക മാർഗമായി ദ്വിരാഷ്ട്ര പരിഹാരത്തെ പ്രസ്താവന വിശേഷിപ്പിച്ചു. പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ഉറപ്പാക്കുന്നതിനും ഇസ്രയേലിന് ദീർഘകാല സുരക്ഷയും മേഖലയിൽ സമാധാനവും ഉറപ്പാക്കുന്നതിനും ഇതാണ് അടിസ്ഥാനമെന്നും സഹ അധ്യക്ഷർ വ്യക്തമാക്കി.
പശ്ചിമ കരയിലെ, പ്രത്യേകിച്ച് കിഴക്കൻ ജറുസലേമിലുൾപ്പെടെയുള്ള, കുടിയേറ്റ വ്യാപനം, E1 പദ്ധതി, പൊളിച്ചുനീക്കലുകൾ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, കൂട്ടിച്ചേർക്കൽ നടപടികൾക്കും അതിന്റെ ഭീഷണികൾക്കും പുറമെ കുടിയേറ്റക്കാരുടെ അക്രമവും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുന്നതായി പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തി. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും അക്രമങ്ങൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഗാസയും പശ്ചിമ കരയും കിഴക്കൻ ജറുസലേമും ഉൾപ്പെടെ ഒരൊറ്റ പലസ്തീൻ ഭൂപ്രദേശമാണെന്നും ഗാസയെ പശ്ചിമ കരയിൽ നിന്ന് വേർതിരിക്കരുതെന്നും അലയൻസ് വ്യക്തമാക്കി. 1967ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ ഇസ്രയേലിനൊപ്പം സമാധാനത്തിലും സുരക്ഷയിലും കഴിയുന്ന സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രമാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗാസയ്ക്ക് പ്രത്യേകമായ രാഷ്ട്രീയ ഭാവി ഉണ്ടാകരുതെന്നും ഇടക്കാല ക്രമീകരണങ്ങൾ ഒടുവിൽ ഗാസയെയും പശ്ചിമ കരയെയും ഏകീകൃതവും നിയമാനുസൃതവുമായ പലസ്തീൻ ഭരണകൂടത്തിന് കീഴിൽ വീണ്ടും ഏകീകരിക്കണമെന്നും അലയൻസ് ആവശ്യപ്പെട്ടു.
ഗാസയിലെ വെടിനിർത്തൽ ശക്തിപ്പെടുത്തൽ, ഹമാസും മറ്റ് സായുധസംഘങ്ങളും ആയുധങ്ങൾ ഉപേക്ഷിക്കൽ, വിശ്വസനീയവും പരിശോധിക്കാവുന്നതുമായ നടപടികളിലൂടെ ഇസ്രയേൽ സേനയുടെ പൂർണ പിന്മാറ്റം എന്നിവയ്ക്കും പ്രസ്താവന പിന്തുണ അറിയിച്ചു. ഗാസയിലുടനീളം മാനുഷിക സഹായം വേഗത്തിലും സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഗാസയുടെ പുനരധിവാസവും പുനർനിർമാണവും ഉടൻ ആരംഭിക്കണമെന്നും ഏകോപിതമായ അന്താരാഷ്ട്ര ധനസഹായം ഉറപ്പാക്കണമെന്നും അലയൻസ് ആവശ്യപ്പെട്ടു. സാമ്പത്തിക സമ്മർദങ്ങൾ നേരിടുന്ന പലസ്തീൻ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കണമെന്നും തടഞ്ഞുവെച്ച ക്ലിയറൻസ് വരുമാനം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു.
തീവ്രവാദത്തെയും പ്രകോപനങ്ങളെയും തള്ളിക്കളഞ്ഞ അലയൻസ്, സംഘർഷത്തെ മതപരമായ സംഘർഷമായി ചിത്രീകരിക്കരുതെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം, ബന്ധപ്പെട്ട യുഎൻ പ്രമേയങ്ങൾ, 2024 ജൂലൈ 19ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായം എന്നിവയോടുള്ള പ്രതിബദ്ധതയും ആവർത്തിച്ചു.
പലസ്തീൻ ജനതയോടുള്ള സന്ദേശത്തിൽ, അവരുടെ രാഷ്ട്രപദവിക്കുള്ള പ്രതിബദ്ധത ഉറച്ചതാണെന്നും ഗാസയെ പശ്ചിമ കരയിൽ നിന്ന് വേർതിരിക്കില്ലെന്നും അലയൻസ് വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നത് തടയുന്നത് ദീർഘകാല സുരക്ഷ ഉറപ്പാക്കില്ലെന്നും സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തോടൊപ്പം സമാധാനപരമായ ഭാവി സാധ്യമാണെന്നും ഇസ്രയേലിനോടും വ്യക്തമാക്കി.
