റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചൊവ്വാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളെ ബഹ്റൈൻ രാജാവ് പ്രശംസിച്ചു. വിവിധ ഘട്ടങ്ങളിൽ ബഹ്റൈനിനും അവിടുത്തെ ജനങ്ങൾക്കും സൗദി അറേബ്യ നൽകിയ ചരിത്രപരവും സഹോദരതുല്യവുമായ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിലും സൗദി നേതൃത്വം വഹിക്കുന്ന നിർണായക പങ്കിനെയും ബഹ്റൈൻ രാജാവ് അഭിനന്ദിച്ചു.
ബഹ്റൈനുമായുള്ള അടുത്ത സൗഹൃദബന്ധവും സഹോദരതുല്യമായ സഹകരണവും എല്ലാ മേഖലകളിലും കൂടുതൽ ശക്തിപ്പെടുത്താൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ബഹ്റൈനിനും അവിടുത്തെ ജനങ്ങൾക്കും തുടർച്ചയായ പുരോഗതിയും വികസനവും അദ്ദേഹം ആശംസിച്ചു.
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ബഹ്റൈൻ രാജാവിനെ കിരീടാവകാശി സ്വാഗതം ചെയ്തു. സൽമാൻ രാജാവിന്റെ ആശംസകളും അദ്ദേഹം കൈമാറി. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ബഹ്റൈൻ രാജാവ് നന്ദി അറിയിച്ചു.
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, മറ്റ് മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനി, ധനമന്ത്രി സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരടക്കമുള്ള ഉന്നതതല സംഘവും സന്നിഹിതരായിരുന്നു.
നേരത്തെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്റൈൻ രാജാവിനെ സൗദി കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചിരുന്നു.
