റിയാദ്: സൗദി എനർജി (SE) കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും വർധന. 2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ കമ്പനിയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വർധിച്ച് 8,720 കോടി സൗദി റിയാലിലെത്തി. അറ്റാദായം 4.3 ശതമാനം ഉയർന്ന് 1,210 കോടി റിയാലായി. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പലിശ, നികുതി, സകാത്ത്, മൂല്യത്തകർച്ച തുടങ്ങിയവയ്ക്ക് മുമ്പുള്ള പ്രവർത്തനലാഭം (EBITDA) 6.6 ശതമാനം വർധിച്ച് 3,470 കോടി റിയാലിലെത്തി. തന്ത്രപ്രധാന നിക്ഷേപങ്ങൾ, വൈദ്യുതി ആവശ്യകതയിലെ വർധന, അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം എന്നിവയാണ് വളർച്ചയ്ക്ക് കരുത്തായത്.
2026ലെ മൂന്നാം പാദത്തിൽ മാത്രം കമ്പനിയുടെ വരുമാനം 12.9 ശതമാനം വർധിച്ച് 3,500 കോടി റിയാലിലെത്തി. ഈ കാലയളവിൽ അറ്റാദായം 0.4 ശതമാനം ഉയർന്ന് 540 കോടി റിയാലായി.
രാജ്യത്ത് വൈദ്യുതി ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലും വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനക്ഷമത, വിതരണ ശൃംഖലയുടെ വിശ്വാസ്യത, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് അൽ ഗാംദി വ്യക്തമാക്കി.
കമ്പനിയുടെ പ്രവർത്തനക്ഷമമായ ബാറ്ററി ഊർജ സംഭരണശേഷി 22 ജിഗാവാട്ട് മണിക്കൂറിലെത്തി. ഇതോടെ 2026ലേക്കുള്ള ലക്ഷ്യം കൈവരിക്കാനായി. പുനരുപയോഗ ഊർജ സ്രോതസ്സുകളെ ദേശീയ വൈദ്യുതി ശൃംഖലയുമായി കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കാൻ ഈ നേട്ടം സഹായിക്കും.
സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ നിയന്ത്രിത ആസ്തികളുടെ മൂല്യം 16.6 ശതമാനം വർധിച്ച് 27,880 കോടി റിയാലിലെത്തി. വൈദ്യുതി പ്രസരണ, വിതരണ അടിസ്ഥാന സൗകര്യങ്ങളിൽ നടത്തിയ നിക്ഷേപങ്ങളാണ് ഇതിന് പ്രധാന കാരണം.
ആദ്യ ഒൻപത് മാസങ്ങളിൽ മൂലധനച്ചെലവ് 5,960 കോടി റിയാലായിരുന്നു. സുകൂക്ക് ബോണ്ടുകളും വിവിധ വായ്പാ സൗകര്യങ്ങളും വഴി ഏകദേശം 6,440 കോടി റിയാലിന്റെ ധനസമാഹരണ കരാറുകളിലും കമ്പനി ഒപ്പുവച്ചു.
രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത 2.5 ശതമാനം വർധിച്ച് 79,045 മെഗാവാട്ടിലെത്തി. മൊത്തം വൈദ്യുതോൽപ്പാദന ശേഷി 56.8 ജിഗാവാട്ടായും ദേശീയ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ച പുനരുപയോഗ ഊർജ ശേഷി 19.3 ജിഗാവാട്ടായും ഉയർന്നു.
വൈദ്യുതി പ്രസരണ ശൃംഖലയുടെ നീളം ആറ് ശതമാനം വർധിച്ച് 1,10,950 സർക്യൂട്ട് കിലോമീറ്ററിലെത്തി.
കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 1.17 കോടിയായി. ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ 2,37,762 പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ നൽകി. മുൻവർഷത്തെ അപേക്ഷിച്ച് പുതിയ കണക്ഷനുകളുടെ എണ്ണത്തിൽ 30 ശതമാനം വർധനയാണുണ്ടായത്.
വൈദ്യുതി തടസ്സങ്ങളുടെ ശരാശരി ദൈർഘ്യം അളക്കുന്ന സൂചികയിലും 16 ശതമാനം പുരോഗതി രേഖപ്പെടുത്തി. ഓരോ ഉപഭോക്താവിനും ശരാശരി വൈദ്യുതി തടസ്സ സമയം 37.17 മിനിറ്റായി കുറഞ്ഞു.
അതേസമയം, 2027 ജനുവരി ഒന്ന് മുതൽ വൈദ്യുതി സേവന നിരക്കുകളിൽ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു. നിലവിലുള്ള നിയന്ത്രണ സംവിധാനത്തിന് കീഴിൽ ഈ മാറ്റം കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തൽ.
