മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമായി ബഹ്റൈനിൽ നടന്ന 23-ാമത് ജിസിസി സംയുക്ത പ്രതിരോധ കൗൺസിൽ യോഗത്തിൽ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.
ചൊവ്വാഴ്ച നടന്ന യോഗത്തിൽ ജിസിസി അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ഏകോപനം മെച്ചപ്പെടുത്തുക, സംയുക്ത സൈനിക സഹകരണം വിപുലീകരിക്കുക, പ്രാദേശിക സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങൾ അവലോകനം ചെയ്ത യോഗം അജണ്ടയിൽ ഉൾപ്പെടുത്തിയ നിരവധി തീരുമാനങ്ങൾക്കും ശുപാർശകൾക്കും അംഗീകാരം നൽകി.
യോഗത്തിൽ സംസാരിച്ച ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, യോഗത്തിന്റെ ക്രിയാത്മകമായ ഫലങ്ങളെയും തീരുമാനങ്ങളെയും പ്രശംസിച്ചു. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ഏകീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടാനുള്ള സംയുക്ത സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ തീരുമാനങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജിസിസി അംഗരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സംയുക്ത പ്രതിരോധ സഹകരണത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംയുക്ത ഗൾഫ് സൈനിക സഹകരണവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള അടുത്തഘട്ട യോഗങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അറിയിച്ച ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, ജിസിസി പ്രതിരോധ മന്ത്രിമാരെ സൗദിയിലേക്ക് സ്വാഗതം ചെയ്തു.
സൗദി സായുധസേനാ ജനറൽ സ്റ്റാഫ് മേധാവി ജനറൽ ഫയാദ് ബിൻ ഹാമിദ് അൽ റുവൈലി, പ്രതിരോധ മന്ത്രിയുടെ രഹസ്യാന്വേഷണകാര്യ ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ് എന്നിവരും സൗദി പ്രതിനിധി സംഘത്തിൽ അംഗങ്ങളായിരുന്നു.
