റിയാദ്: സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്രനഗരമായ ദിരിയയിൽ സൈനിക പരേഡ് സംഘടിപ്പിച്ചു. ദിരിയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ് പരേഡ് നടത്തിയത്.
ഇമാം അബ്ദുൽ അസീസ് ബിൻ സൗദ് റോഡിലൂടെ വാദി ഹനീഫയിലേക്കായിരുന്നു പരേഡ്. കുതിരപ്പുറത്തേറിയ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും അണിനിരന്നത് ദേശീയ ഐക്യത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി.
പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൈക്ലിങ് പരേഡും നടന്നു. അൽ-തുറൈഫ് മേഖലയിലും ദിരിയയുടെ വിവിധ ഭാഗങ്ങളിലും ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
രാജ്യനിർമാണത്തിന്റെ ചരിത്രത്തിന് സാക്ഷിയായ ദിരിയയിൽ നടന്ന ആഘോഷങ്ങൾ പൈതൃകവും ആധുനിക സൗദിയുടെ ദേശീയ അഭിമാനവും ഒരുമിച്ച് പ്രതിഫലിപ്പിച്ചു.
