റിയാദ്: ഹൂതി ആക്രമണങ്ങളെ ചെറുക്കുന്നതിൽ സഖ്യസേനയും സൗദി സൈനികരും ഐക്യത്തോടെ നിലകൊള്ളണമെന്ന് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് സാലിഹ് അൽ ഫൗസാൻ ആഹ്വാനം ചെയ്തു.
മുന്നണിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർ തങ്ങളുടെ ദൗത്യം നിർവഹിക്കുമ്പോൾ ക്ഷമയും സ്ഥിരതയും ആത്മവിശ്വാസവും കൈവിടരുതെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് ചെയർമാനും ജനറൽ പ്രസിഡൻസി ഫോർ സയന്റിഫിക് റിസർച്ച് ആൻഡ് ഇഫ്താ മേധാവിയുമാണ് ഷെയ്ഖ് അൽ ഫൗസാൻ.
യമനിൽ നിയമാനുസൃത സർക്കാരിന്റെ കീഴിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. യമൻ ജനതയ്ക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ വികസനത്തിനും ഐക്യത്തിനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഭൂമിയെയും രാജ്യത്തിന്റെ അതിർത്തികളെയും സംരക്ഷിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും ഗ്രാൻഡ് മുഫ്തി ചൂണ്ടിക്കാട്ടി. രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിലും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിലും മുന്നണിയിലെ സൈനികരുടെ ദൗത്യത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
മുന്നണിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ കമാൻഡർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും പരസ്പരം സഹകരിച്ച് ഐക്യത്തോടെ പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സഖ്യസേനാംഗങ്ങളുടെ സേവനത്തെ അഭിനന്ദിച്ച ഗ്രാൻഡ് മുഫ്തി, അവരുടെ ദൗത്യം മഹത്തരവും ആദരണീയവുമാണെന്നും പറഞ്ഞു. സൗദി അറേബ്യയെയും യമനെയും എല്ലാ അപകടങ്ങളിൽനിന്നും സംരക്ഷിക്കാനും സൈനികർക്ക് വിജയം നൽകാനും അദ്ദേഹം പ്രാർഥിച്ചു.
