മനാമ: സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ് ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
വ്യാഴാഴ്ച മനാമയിൽ നടന്ന ജിസിസി രാജ്യങ്ങളിലെ ടൂറിസം ചുമതലയുള്ള മന്ത്രിമാരുടെ 10-ാമത് യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും ബഹ്റൈൻ ഉപപ്രധാനമന്ത്രിയോട് അൽഖതീബ് നന്ദി അറിയിച്ചു. സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധവും വിവിധ മേഖലകളിലെ അടുത്ത സഹകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ടൂറിസം മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മേഖലയിലെ നിലവിലെ വികസനങ്ങൾ, ഭാവിയിലെ വളർച്ചാ സാധ്യതകൾ, ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണവും ഏകീകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വികസിപ്പിക്കുക, അനുഭവങ്ങളും വൈദഗ്ധ്യവും പരസ്പരം കൈമാറുക തുടങ്ങിയ കാര്യങ്ങളും ചർച്ചയായി.
ജിസിസി രാജ്യങ്ങളിലെ നേതാക്കളുടെ തുടർച്ചയായ പിന്തുണയുടെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയിൽ കൂടുതൽ ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ വിലയിരുത്തി.
