റിയാദ്: ചെങ്കടൽ തീരങ്ങളിൽ നിന്ന് ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിലേക്കും മലനിരകളിൽ നിന്ന് ആധുനിക നഗര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സൗദി അറേബ്യയുടെ ടൂറിസം ഭൂപടം അതിവേഗം വികസിക്കുന്നു. കടൽ, പ്രകൃതി, പൈതൃകം, സംസ്കാരം, വിനോദം എന്നിവ സംയോജിപ്പിച്ച വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങളാണ് രാജ്യത്ത് ഒരുങ്ങുന്നത്.
റിയാദിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നടന്ന ‘സ്പോട്ട്ലൈറ്റ്’ വേൾഡ് ട്രാവൽ മാർക്കറ്റ് പ്രദർശനത്തിലെ സൗദി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വലിയ പങ്കാളിത്തം രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ച വ്യക്തമാക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസത്തെ പ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ട്രാവൽ, ടൂറിസം മേഖലയിലെ നേതാക്കൾ, നിക്ഷേപകർ, വിദഗ്ധർ എന്നിവർ പങ്കെടുത്തു. ടൂറിസം മേഖലയിലെ പുതിയ പ്രവണതകൾ, വിവിധ ടൂറിസം ഉൽപന്നങ്ങൾ, കമ്പനികൾക്കും നിക്ഷേപകർക്കുമുള്ള അവസരങ്ങൾ എന്നിവ പ്രദർശനത്തിൽ അവതരിപ്പിച്ചു.
സൗദിയിലെ ടൂറിസം ഉൽപന്നങ്ങളുടെ വൈവിധ്യം ഇപ്പോൾ ഒരു പ്രത്യേക സീസണിലോ യാത്രാ രീതിയിലോ മാത്രം പരിമിതപ്പെടുന്നില്ല. സമുദ്ര, പർവത, സാംസ്കാരിക, പൈതൃക, വിനോദസഞ്ചാര മേഖലകൾക്കൊപ്പം വിവിധ പരിപാടികൾ, വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളും ടൂറിസം രംഗത്ത് വളരുകയാണ്.
‘Saudi, Welcome to Arabia’ പവിലിയനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൂറിസം കേന്ദ്രങ്ങളും അനുഭവങ്ങളും സമഗ്രമായി അവതരിപ്പിച്ചു. കടൽത്തീരങ്ങളും ദ്വീപുകളും മുതൽ മലനിരകൾ, മരുപ്പച്ചകൾ, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ, നഗരങ്ങൾ എന്നിവയ്ക്കൊപ്പം മ്യൂസിയങ്ങൾ, സാംസ്കാരിക-വിനോദ കേന്ദ്രങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയും ഇവിടെ പരിചയപ്പെടുത്തി.
പുതിയ ടൂറിസം കേന്ദ്രങ്ങളും പദ്ധതികളും ഉയർന്നുവരുന്നതോടെ സൗദിയുടെ ടൂറിസം ഭൂപടം കൂടുതൽ വൈവിധ്യമാർന്നതാകുകയാണ്. ഇതിലൂടെ യാത്രാ, ഹോസ്പിറ്റാലിറ്റി, നിക്ഷേപ മേഖലകളിലെ കമ്പനികൾക്ക് സന്ദർശകരുടെ വ്യത്യസ്ത താൽപര്യങ്ങൾക്കനുസരിച്ചുള്ള പുതിയ സേവനങ്ങളും ടൂറിസം പാക്കേജുകളും വികസിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
ടൂറിസം കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ വ്യാപനം സൗദിയുടെ ആഗോള ടൂറിസം സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തോടുള്ള ആഗോള വിനോദസഞ്ചാര താൽപര്യം കൂടുതൽ സന്ദർശകരിലേക്കും അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലേക്കും പുതിയ നിക്ഷേപങ്ങളിലേക്കും മാറ്റുകയാണ് ലക്ഷ്യം.
ലോക ട്രാവൽ മാർക്കറ്റ് പ്രദർശനം സൗദിയുടെ വളർന്നുവരുന്ന ടൂറിസം സാന്നിധ്യത്തിന്റെയും വൈവിധ്യമാർന്ന ടൂറിസം കേന്ദ്രങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രതിഫലനമായി. ലോകത്തിന്റെ വിവിധ വിപണികളിൽ നിന്നുള്ള ടൂറിസം മേഖലയിലെ പ്രമുഖർ, നിക്ഷേപകർ, ട്രാവൽ കമ്പനികൾ എന്നിവരുടെ സംഗമവേദിയായും പ്രദർശനം മാറി.
രാജ്യത്തിന്റെ പ്രകൃതി, സാംസ്കാരിക, വിനോദസഞ്ചാര വിഭവങ്ങൾക്കൊപ്പം ഹോസ്പിറ്റാലിറ്റി, സേവനങ്ങൾ, പുതിയ ടൂറിസം അനുഭവങ്ങൾ എന്നിവയിലെ വളർച്ചയും പ്രദർശനം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ഇതിലൂടെ സൗദി ടൂറിസം മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കാനും അന്താരാഷ്ട്ര പങ്കാളിത്തത്തിനും നിക്ഷേപങ്ങൾക്കും കൂടുതൽ വിനോദസഞ്ചാര പ്രവാഹങ്ങൾക്കും വഴിയൊരുക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
