റിയാദ്: വിവിധ തരത്തിലുള്ള നിയമലംഘനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് വ്യക്തികളെയും സ്ഥാപനങ്ങളെയും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് (SOCPA) ഈ വർഷം ആരംഭിച്ചതിന് ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രാഥമിക നിരീക്ഷണത്തിലും അന്വേഷണത്തിലും ഇവർ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് പ്രൊഫഷൻ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തെറ്റായ വിവരങ്ങൾ നൽകുകയോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 20 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് SOCPA മുന്നറിയിപ്പ് നൽകി. തങ്ങൾ സാക്ഷ്യപ്പെടുത്തുന്ന സാമ്പത്തിക റിപ്പോർട്ടുകളുടെയും വിവരങ്ങളുടെയും കൃത്യത ഉറപ്പാക്കേണ്ടത് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാരുടെ ഉത്തരവാദിത്തമാണെന്നും സംഘടന വ്യക്തമാക്കി.
തങ്ങളോ തങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നവരോ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക റിപ്പോർട്ടുകൾക്ക് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തുന്നതും നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം ഒന്നോ അതിലധികമോ കുറ്റങ്ങൾ ചെയ്യുന്നവർക്ക് മറ്റ് നിയമങ്ങളിലെ ശിക്ഷകൾക്ക് പുറമെ അഞ്ച് വർഷത്തിൽ കവിയാത്ത തടവോ 20 ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ലഭിക്കാം.
ലൈസൻസ് നേടുന്നതിനായി തെറ്റായ വിവരങ്ങളോ വ്യാജ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കൽ, പ്രൊഫഷൻ നടത്താനുള്ള അവകാശം സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയവയും ആർട്ടിക്കിൾ 10 പ്രകാരം കുറ്റകരമാണ്.
കൂടാതെ, അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുകയോ വെളിപ്പെടുത്തേണ്ട വിവരങ്ങൾ മറച്ചുവെക്കുകയോ ചെയ്യുക, നിയമപ്രകാരം നൽകേണ്ട റിപ്പോർട്ടിൽ വസ്തുതാവിരുദ്ധമായ വിവരങ്ങൾ ഉൾപ്പെടുത്തി സാക്ഷ്യപ്പെടുത്തുക, സേവനം നൽകുന്ന സ്ഥാപനത്തിന്റെ രഹസ്യ വിവരങ്ങൾ പുറത്തുവിടുക, ജീവനക്കാരുടെ യോഗ്യതകളും പരിചയസമ്പത്തും സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുകയോ അത്തരം വിവരങ്ങൾ നൽകുന്നതിന് സഹായിക്കുകയോ ചെയ്യുന്നതും കുറ്റങ്ങളുടെ പരിധിയിൽ വരും.
സാമ്പത്തിക റിപ്പോർട്ടുകളുടെ വിശ്വാസ്യത സാമ്പത്തിക ആരോഗ്യത്തിന്റെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രസ്താവനകളുടെ ഗുണഭോക്താക്കളുടെയും ഉപയോക്താക്കളുടെയും സംരക്ഷണത്തിന്റെയും അടിസ്ഥാന ഘടകമാണെന്ന് SOCPA സി.ഇ.ഒ ഡോ. അഹമ്മദ് അൽ-മുഗാമിസ് പറഞ്ഞു.
അക്കൗണ്ടിങ്-ഓഡിറ്റിങ് സംവിധാനത്തിലെ SOCPAയുടെ ചുമതലകൾ നിയന്ത്രണ, നീതിന്യായ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുന്നത് നിയമാനുസൃത പ്രവർത്തനം ശക്തിപ്പെടുത്താനും ക്രമക്കേടുകൾ തടയാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ സാമ്പത്തിക വിവരങ്ങളുടെ വിശ്വാസ്യതയും പ്രൊഫഷണൽ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
