റിയാദ്: സൗദി അറേബ്യയിൽ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 174 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റിയായ നസാഹ (Nazaha) അറിയിച്ചു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി–ഭവന മന്ത്രാലയം എന്നിവിടങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്.
ഒക്ടോബർ മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നസാഹ ഉദ്യോഗസ്ഥർ നടത്തിയ വ്യാപക പരിശോധനകളുടെ ഭാഗമായാണ് നടപടി. മാസത്തിൽ ആകെ 2,662 പരിശോധനകളാണ് നടത്തിയത്.
പരിശോധനകളുടെ അടിസ്ഥാനത്തിൽ 454 ജീവനക്കാർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തിയതായും അതോറിറ്റി വ്യക്തമാക്കി. ഇതിൽ 174 പേരെയാണ് അറസ്റ്റ് ചെയ്തത്.
സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതിനും അഴിമതി തടയുന്നതിനുമായി നിരവധി ക്രിമിനൽ, ഭരണപരമായ കേസുകളിലും കഴിഞ്ഞ മാസം നടപടികൾ ആരംഭിച്ചതായി നസാഹ അറിയിച്ചു.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ വകുപ്പുകളിലെ പരിശോധനകളും അന്വേഷണങ്ങളും തുടരുമെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.
