ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ മക്കയിൽ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി രൂപീകരിച്ച സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആൻഡ് ഡിഫൻസ് കമ്മിറ്റിയുടെ ആദ്യ യോഗം തിങ്കളാഴ്ച ഇസ്താംബൂളിൽ നടക്കും.
തുർക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അനഡോലു ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും സായുധ സേനാ മേധാവികളും ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
മക്ക സംയുക്ത പ്രതിരോധ കരാറിന്റെ നടപ്പാക്കലിന് തന്ത്രപ്രധാനമായ ദിശ നിർണയിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സൈനിക വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.
പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതും സംയുക്ത ഉൽപ്പാദനം, ഗവേഷണം-വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ചയാകും. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണവും യോഗത്തിന്റെ പരിഗണനയിലുണ്ടാകും.
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സെക്രട്ടേറിയറ്റും മറ്റ് സംവിധാനങ്ങളും രൂപീകരിക്കുന്നതിനുള്ള ചട്ടക്കൂടിനും യോഗത്തിൽ രൂപം നൽകുമെന്നാണ് പ്രതീക്ഷ. കരാർ നടപ്പാക്കുന്നതിനും ത്രിരാഷ്ട്ര പ്രതിരോധ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള റോഡ്മാപ്പും തയ്യാറാക്കും.
പ്രാദേശിക സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ സുരക്ഷാ സംവിധാനമെന്ന നിലയിൽ കരാറിന്റെ പ്രാധാന്യം യോഗം ഉയർത്തിക്കാട്ടും. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും സമാധാനപരമായ സഹകരണത്തിന്റെ കാഴ്ചപ്പാട് പങ്കിടുകയും ചെയ്യുന്ന മറ്റ് രാജ്യങ്ങൾക്കും ഈ സംവിധാനത്തിലേക്ക് ചേരാൻ അവസരം തുറന്നിടും.
ഓഗസ്റ്റ് 7ന് മക്കയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു.
കരാറിലെ പ്രധാന വ്യവസ്ഥ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം മൂന്നുരാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കും.
