റിയാദ്: സൗദി അറേബ്യയിൽ കൊമേഴ്സ്യൽ രജിസ്റ്ററിൽ (Commercial Register) രജിസ്റ്റർ ചെയ്ത വ്യാപാര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈസൻസുകൾ 90 ദിവസത്തിനകം നേടണമെന്ന് വാണിജ്യ മന്ത്രാലയം നിർദേശിച്ചു.
ലൈസൻസ് ആവശ്യമായ ബിസിനസ് പ്രവർത്തനങ്ങൾ കൊമേഴ്സ്യൽ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികളും ലൈസൻസുകളും നേടിയിരിക്കണം.
കൊമേഴ്സ്യൽ രജിസ്റ്റർ നിയമവും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളും പാലിക്കാൻ എല്ലാ വ്യാപാര സ്ഥാപന ഉടമകളും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ ലൈസൻസ് നേടാത്തപക്ഷം ബന്ധപ്പെട്ട വ്യാപാര പ്രവർത്തനത്തിന്റെ രജിസ്ട്രേഷൻ കൊമേഴ്സ്യൽ രജിസ്റ്ററിൽ നിന്ന് റദ്ദാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൊമേഴ്സ്യൽ രജിസ്റ്റർ നിയമത്തിന്റെ നടപ്പാക്കൽ ചട്ടങ്ങളിലെ നാലാം വകുപ്പ് പ്രകാരമാണ് നടപടി.
അതേസമയം, പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ ആ പ്രവർത്തനം യഥാർത്ഥത്തിൽ നടത്തുന്നതിന്റെ തെളിവ് സമർപ്പിക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.
90 ദിവസത്തിനകം ആവശ്യമായ ലൈസൻസ് നേടാതിരിക്കുകയോ ലൈസൻസ് ആവശ്യമില്ലാത്ത പ്രവർത്തനങ്ങളുടെ തെളിവ് സമർപ്പിക്കാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുമെന്നും സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
