റിയാദ്: അറേബ്യൻ ഗൾഫ് സമുദ്രപരിധിയിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അൽ മയേദ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കപ്പലിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്കും ആഗോള ഊർജവിതരണത്തിനും ഭീഷണിയാകുന്ന എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും നിയമലംഘനങ്ങളെയും രാജ്യം ശക്തമായി എതിർക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തറിന്റെ സമുദ്രഗതാഗത കപ്പലുകൾ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സമുദ്രസുരക്ഷയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കാൻ ആഗോള സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും രാജ്യാന്തര തലത്തിൽ ഏകോപിത ഇടപെടൽ അനിവാര്യമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
