ഹജ്ജ് തീർഥാടകർക്കായി മിനായിൽ ഒരുക്കിയ അത്യാധുനിക ബഹുനില ശുചിമുറി സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തിയായതായി മക്ക റോയൽ കമ്മീഷന്റെ കീഴിലുള്ള കിദാന ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ അവസാനിച്ചത്.
അൽശുഅബൈൻ പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ഒറ്റനില ശുചിമുറികൾക്ക് പകരം 18 പുതിയ ഇരുനില സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിച്ചത്. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ 61 സമുച്ചയങ്ങൾ ഉൾപ്പെടെ ഇപ്പോൾ മിനായിൽ ആകെ 79 ആധുനിക സമുച്ചയങ്ങൾ സജ്ജമായിട്ടുണ്ട്.
ഇതോടെ ലഭ്യമായ ആകെ ശുചിമുറികളുടെ എണ്ണം 7,838 ആയി ഉയർന്നു.
പുതിയ സംവിധാനം നിലവിൽ വന്നതോടെ ആരോഗ്യ സൗകര്യങ്ങളുടെ ശേഷി കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടിയായി വർധിച്ചു. ഇത് ശുചിമുറികൾക്കായി തീർഥാടകർ കാത്തുനിൽക്കേണ്ടി വരുന്ന സമയം 75 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ബഹുനില കെട്ടിടങ്ങളായതിനാൽ തീർഥാടകർക്ക് താമസിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കാനും ഇതിലൂടെ സാധിച്ചു. ഏറ്റവും ഉയർന്ന ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഹജ്ജ് വേളയിൽ അടിസ്ഥാന സൗകര്യങ്ങൾക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം തീർഥാടകർക്ക് മികച്ച അനുഭവം നൽകാനും ഈ പദ്ധതി സഹായിക്കും
സൗദി വിഷൻ 2030-ന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. പുണ്യസ്ഥലങ്ങളിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തീർഥാടകർക്ക് അവരുടെ ആരാധനാ കർമ്മങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും നിർവഹിക്കാൻ ആവശ്യമായ ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാൻ ഇത്തരം വികസന പ്രവർത്തനങ്ങൾ വലിയ സഹായമാകുമെന്ന് കിദാന ഡെവലപ്മെന്റ് കമ്പനി അറിയിച്ചു
















Leave a Reply