മക്ക — ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ പുണ്യഗേഹമായ വിശുദ്ധ കഅബയെ പുത്തൻ കിസ്‌വ (പുതപ്പ്) അണിയിച്ചു. ഹിജ്റ വർഷം 1448 മുഹറം ഒന്നിന് (ചൊവ്വാഴ്ച) ആയിരുന്നു കഅബയുടെ കിസ്‌വ മാറ്റുന്ന വാർഷിക ചടങ്ങ് അരങ്ങേറിയത്. കഅബയോടുള്ള സൗദി അറേബ്യയുടെ ആദരവും ഇസ്‌ലാമിക കലയിലെ ഏറ്റവും മഹത്തായ ഈ മാസ്റ്റർപീസിന്റെ നിർമ്മാണത്തിൽ രാജ്യം കൈവരിച്ച വൈദഗ്ധ്യവും വിളിച്ചോതുന്നതായിരുന്നു മനോഹരമായ ഈ ചടങ്ങ്. ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ-റബീഅ ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

കേവലം ഒരു വാർഷിക ചടങ്ങ് എന്നതിനപ്പുറം സൗദിയിലെ 150-ഓളം വിദഗ്ധരായ കലാകാരന്മാരുടെയും നെയ്ത്തുകാരുടെയും 11 മാസത്തെ കഠിനാധ്വാനത്തിന്റെ വിജയഗാഥയാണ് ഓരോ കിസ്‌വയും. 24 കാരറ്റ് സ്വർണ്ണം പൂശിയ വെള്ളി നൂലുകളാൽ 30 ഖുർആൻ സൂക്തങ്ങൾ തുന്നിച്ചേർത്ത, പ്രീമിയം കറുത്ത പട്ട് കൊണ്ടുള്ള 47 കഷണങ്ങൾ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 1,410 കിലോഗ്രാം ആണ് ഈ കിസ്‌വയുടെ ആകെ ഭാരം.

കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ഫോർ ദി ഹോളി കഅബ കിസ്‌വയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രിയോടെ തന്നെ പഴയ കിസ്‌വയിലെ സ്വർണ്ണ അലങ്കാരങ്ങൾ, വിളക്കുകൾ, കഅബ കവാടത്തിലെ തിരശ്ശീല എന്നിവ നീക്കം ചെയ്തുകൊണ്ട് മാറ്റിവെക്കൽ പ്രക്രിയ ആരംഭിച്ചിരുന്നു. അത്യാധുനിക സാങ്കേതികവിദ്യയും പരമ്പരാഗത ഇസ്‌ലാമിക കലയും കോർത്തിണക്കിയാണ് ഒരു വർഷം നീളുന്ന ഈ നിർമ്മാണം പൂർത്തിയാക്കുന്നത്. ഇതിന്റെ പ്രധാന ആകർഷണം ഖുർആനിലെ വചനങ്ങളും ഇസ്‌ലാമിക പൈതൃകവും വിളിച്ചോതുന്ന മനോഹരമായ അറബിക് കാലിഗ്രാഫിയാണ്.
വെള്ളം ശുദ്ധീകരിക്കൽ, പട്ട് കഴുകൽ, നെയ്ത്ത്, പ്രിന്റിംഗ്, എംബ്രോയ്ഡറി, അസംബ്ലിംഗ്, ക്വാളിറ്റി പരിശോധന എന്നിങ്ങനെ ഏഴ് കൃത്യമായ ഘട്ടങ്ങളിലൂടെയാണ് കിസ്‌വയുടെ നിർമ്മാണം കടന്നുപോകുന്നത്. തുടർന്ന് പ്രത്യേക ട്രെയിലറിലാണ് ഇത് മസ്ജിദുൽ ഹറാമിലെ മത്വാഫിൽ എത്തിച്ചത്.
825 കിലോഗ്രാം പ്രകൃതിദത്ത പട്ട്, കറുത്ത പട്ടിന്റെ 47 റോളുകൾ, ഉൾവശം തുന്നാൻ 400 കിലോഗ്രാം പരുത്തി, എംബ്രോയ്ഡറിക്കായി 60 കിലോഗ്രാം ശുദ്ധമായ വെള്ളി, ഖുർആൻ സൂക്തങ്ങൾ എഴുതാൻ സ്വർണ്ണം പൂശിയ 120 കിലോഗ്രാം വെള്ളി നൂലുകൾ എന്നിവയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അറബിക് കാലിഗ്രാഫിയിലെ ഏറ്റവും മനോഹരമായ ‘സുലുസ് ജലി’ (Thuluth Jali) ശൈലിയിലാണ് ഇതിലെ എഴുത്തുകൾ തയ്യാറാക്കിയിരിക്കുന്നത്.
പുറംമോടിയിൽ മാത്രമല്ല കഅബയുടെ ഉൾവശത്തും ഈ കലാവൈദഗ്ധ്യം കാണാം. കഅബയുടെ ഉൾച്ചുമരുകളിൽ ഖുർആൻ സൂക്തങ്ങളും പ്രാർത്ഥനകളും സുലുസ് കാലിഗ്രാഫിയിൽ തുന്നിച്ചേർത്ത പച്ച നിറത്തിലുള്ള ആഡംബര തുണിയാണ് വിരിച്ചിരിക്കുന്നത്.
















Leave a Reply