റിയാദ്: 365 ദിവസത്തെ സാധുതയുള്ള പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കി. പുതിയ വിസയിലൂടെ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം തവണ സൗദിയിൽ പ്രവേശിക്കാമെങ്കിലും, ആകെ 90 ദിവസം മാത്രമാണ് രാജ്യത്ത് താമസിക്കാൻ അനുമതിയുള്ളത്.സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് പ്രകാരം, ഓരോ സന്ദർശനത്തിലും താമസിക്കുന്ന ദിവസങ്ങൾ കൂട്ടിച്ചേർത്താണ് 90 ദിവസത്തെ പരിധി കണക്കാക്കുക.
ഉംറ വിസ ഉപയോഗിക്കുന്ന ഓരോ സന്ദർശനത്തിനും ‘നുസുക്’ (Nusuk) പ്ലാറ്റ്ഫോമിലെ അംഗീകൃത സേവനദാതാക്കളിൽ നിന്ന് നിർബന്ധമായും സേവന പാക്കേജ് വാങ്ങണം. വിസയിൽ ശേഷിക്കുന്ന ദിവസങ്ങളെക്കാൾ കൂടുതൽ കാലയളവുള്ള പാക്കേജ് തിരഞ്ഞെടുക്കാൻ അനുവദിക്കില്ല. സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് നുസുക് ആപ്പ് വഴി ഉംറ പെർമിറ്റ് നേടുകയും, അതിൻ്റെ തീയതി ബുക്ക് ചെയ്ത സേവന പാക്കേജുമായി പൊരുത്തപ്പെടുകയും വേണം. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
