ജിദ്ദ – സൗദിയിൽ ട്രെയിൻ സർവീസുകൾക്ക് ആവശ്യം വർധിക്കുന്നതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ട്രെയിനുകളിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം നാലര കോടി കവിഞ്ഞതായി അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കകത്തെ ട്രെയിൻ സർവീസുകൾ 4.2 കോടി യാത്രക്കാർ ഉപയോഗപ്പെടുത്തി. ഇതിൽ 3.1 കോടി പേർ റിയാദ് മെട്രോയിലാണ് യാത്ര ചെയ്‌തത്. ജിദ്ദ കിംഗ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രെയിനിലെ യാത്രക്കാരുടെ എണ്ണം ഏകദേശം ഒരു കോടിയിലെത്തി. റിയാദ് പ്രിൻസസ് നൂറ ബിൻത് അബ്‌ദുറഹ്‌മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് ട്രെയിൻ സർവീസ് 6,21,000 യാത്രക്കാർ ഉപയോഗപ്പെടുത്തി. ട്രെയിൻ സർവീസുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യത്തെയും നഗരങ്ങൾക്കുള്ളിലെ ഗതാഗതം സുഗമമാക്കുന്നതിലും ഗതാഗതക്കുരുക്ക് കുറക്കുന്നതിലും ട്രെയിൻ സർവീസുകൾക്കുള്ള പങ്കിനെയും ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു.
ജിദ്ദ, മക്ക, മദീന എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിലെ യാത്രക്കാരുടെ എണ്ണം മൂന്നു മാസത്തിനിടെ 20 ലക്ഷത്തിലെത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. തലസ്ഥാനമായ റിയാദിനെ ബഖീഖ്, അൽഹസ, ഹരദ്, അൽഖർജ് എന്നീ സ്റ്റേഷനുകൾ വഴി കിഴക്കൻ പ്രവിശ്യയിലെ ദമാമുമായും ദമാം തുറമുഖവുമായും ബന്ധിപ്പിക്കുന്ന ഈസ്റ്റേൺ റെയിൽവേയിലെ യാത്രക്കാരുടെ എണ്ണം 3,49,000 കവിഞ്ഞു. റിയാദിൽ നിന്ന് മജ്‌മ, അൽഖസീം, ഹായിൽ, അൽജൗഫ്, ഖുറയ്യാത്ത് എന്നിവിടങ്ങളിലൂടെ വടക്കുപടിഞ്ഞാറായി ജോർദാൻ അതിർത്തിക്കടുത്തുള്ള അൽഹദീസയിലേക്ക് കടന്നുപോകുന്ന നോർത്തേൺ റെയിൽവേയിൽ യാത്രക്കാരുടെ എണ്ണം 2,18,000 ൽ എത്തി. ഭൂമിശാസ്ത്രപരമായ കണക്റ്റിവിറ്റിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും ജീവിത നിലവാരം നിലനിർത്തുന്നതിലും ഇൻ്റർസിറ്റി റെയിൽ ഗതാഗതത്തിന്റെ പങ്ക് ഇത് തെളിയിക്കുന്നു.
മൂന്നു മാസത്തിനിടെ റെയിൽ മാർഗം 40 ലക്ഷത്തിലേറെ ടൺ ചരക്കുകൾ നീക്കം ചെയ്തു. ഇതിൽ 30 ലക്ഷം ടൺ നോർത്തേൺ റെയിൽവേ ശൃംഖല വഴിയാണ് നീക്കം ചെയ്തത്. ഈസ്‌റ്റേൺ റെയിൽവേ ശൃംഖലയിലൂടെ 4,48,000 ടണ്ണിലധികം ചരക്കും 1,97,000 കണ്ടെയ്‌നറുകളും നീക്കം ചെയ്തു. വിതരണ ശൃംഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും തുറമുഖങ്ങൾക്കും സാമ്പത്തിക മേഖലകൾക്കും ഇടയിലുള്ള ലോജിസ്റ്റിക്കൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലും റെയിൽ മാർഗമുള്ള ചരക്ക് നീക്കത്തിൻ്റെ പങ്ക് ഇത് എടുത്തുകാണിക്കുന്നു.



















Leave a Reply