റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലുണ്ടായ വൻ തീപിടുത്തത്തിൽ പതിനാറ് ബംഗ്ലാദേശി തൊഴിലാളികൾ വെന്തുമരിച്ചു. സോഫ നിർമ്മാണത്തിനും ഫർണിച്ചർ അപ്ഹോൾസ്റ്ററിക്കുമടക്കം ഉപയോഗിച്ചിരുന്ന കേന്ദ്രത്തിലാണ് വൻ അഗ്നിബാധയുണ്ടായത്. ദുരന്തത്തിൽ പതിനാറ് ബംഗ്ലദേശി പൗരൻമാർ മരിച്ച വിവരം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ പടർന്നുപിടിച്ച തീ, സിവിൽ ഡിഫൻസിന്റെ അഗ്നിശമന സേനാംഗങ്ങളെത്തിയാണ് അണച്ചത്. തുടർനടപടികൾ പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചെങ്കിലും, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൃത്യമായ കണക്കുകളോ ദുരന്തത്തിനുള്ള കാരണങ്ങളോ സംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപകടത്തെത്തുടർന്ന് റിയാദിലെ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി ഉദ്യോഗസ്ഥർ നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് ബംഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ തൊഴിൽ മന്ത്രി ആരിഫുൽഹഖ് ചൗധരി വ്യക്തമാക്കി. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് ബംഗ്ലാദേശിലെത്തിക്കാനും, അർഹമായ നഷ്ടപരിഹാരവും സർക്കാർ സഹായവും കുടുംബങ്ങൾക്ക് ഉറപ്പാക്കാനും അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തൊഴിലാളികളുടെ ദാരുണ വിയോഗത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബങ്ങൾക്ക് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചു. സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തിവരുന്ന പ്രധാനമന്ത്രി, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ വിദേശ, പ്രവാസിക്ഷേമ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്ന് പ്രസ് സെക്രട്ടറി സാലിഹ് ഷിബ്ലി അറിയിച്ചു.
ലക്ഷക്കണക്കിന് ബംഗ്ലാദേശ് കുടിയേറ്റ തൊഴിലാളികൾ തൊഴിലെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഏകദേശം 35 ലക്ഷത്തോളം ബംഗ്ലാദേശി പൗരന്മാർ ഇവിടെ നിർമ്മാണം, ഉൽപ്പാദനം, സേവന മേഖലകൾ തുടങ്ങിയ വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം സൗദിയിലെ ബംഗ്ലാദേശി തൊഴിലാളികൾ 270 കോടിയിലേറെ ഡോളറാണ് റെമിറ്റൻസായി സ്വദേശത്തേക്ക് അയച്ചത്. ആഗോളതലത്തിൽ വിദേശത്ത് ജോലി ചെയ്യുന്ന 70 ലക്ഷത്തോളം വരുന്ന ബംഗ്ലാദേശി തൊഴിലാളികളിൽ ഭൂരിഭാഗവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ഉള്ളത്.
