റിയാദ്: ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുകയും വാണിജ്യ ഏജൻസി നിയമങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത പ്രമുഖ കാർ ഡീലർഷിപ്പിന്റെ പ്രവർത്തനം സസ്പെൻഡ് ചെയ്യുകയും വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സ്ഥാപനത്തിന് 81.2 ലക്ഷം റിയാൽ (8.12 Million SR) പിഴയും ചുമത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ആവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത, മാനുഫാക്ചറിംഗ് ക്വാളിറ്റി ഗ്യാരണ്ടി, വിൽപനാനന്തര സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.
അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് സ്പെയർ പാർട്സുകൾ ലഭ്യമാക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് പകരമായി നൽകേണ്ട വാഹനങ്ങൾ (Replacement vehicles) നൽകാതിരിക്കുക തുടങ്ങിയ 175 ലംഘനങ്ങളാണ് ഡീലർഷിപ്പിനെതിരെ മന്ത്രാലയം കണ്ടെത്തിയത്.
മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് അവർക്ക് അർഹമായ നഷ്ടപരിഹാരവും പകരമുള്ള വാഹനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കൂടാതെ, ഈ ബ്രാൻഡിന്റെ ഏജൻസി ചുമതല ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ശേഷിയുള്ള മറ്റൊരു ഏജന്റിലേക്ക് മാറ്റാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കളോടുള്ള ബാധ്യതകളിൽ വീഴ്ച വരുത്തുന്ന ഏത് ഏജൻസിക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നത് തുടരുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
