റിയാദ്: സൗദി അറേബ്യയിലെ നീതിന്യായ മേഖലയിൽ വിവിധ തസ്തികകളിലായി 167 ജഡ്ജിമാർക്ക് സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ റാങ്കുകളിലാണ് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റവും പുതിയ നിയമനങ്ങളും അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സൗദി ഭരണകൂടം നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് പുതിയ ഉത്തരവെന്ന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആക്ടിങ് പ്രസിഡന്റുമായ വലീദ് അൽ സമാനി വ്യക്തമാക്കി.
സൽമാൻ രാജാവിന്റെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പിന്തുണയിലുമാണ് നീതിന്യായ മേഖലയിൽ സമഗ്രമായ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും നീതിന്യായ മേഖലയുടെ വികസനത്തിന് കൂടുതൽ കരുത്തേകുമെന്നും കോടതികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും വിധിന്യായങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നീതിന്യായ സംവിധാനത്തിന്റെ നവീകരണത്തിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി രാജ്യം നടപ്പാക്കുന്ന തുടർച്ചയായ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതിന്യായ മേഖലയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് സൗദി ഭരണനേതൃത്വത്തോട് വലീദ് അൽ സമാനി നന്ദി അറിയിച്ചു.
പുതുതായി നിയമിതരായവർക്കും സ്ഥാനക്കയറ്റം ലഭിച്ച ജഡ്ജിമാർക്കും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിക്കാനും നീതി ഉറപ്പാക്കാനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
