റിയാദ്: രാജ്യത്തെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും വിപണിയിലെ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനുമായി ‘ബിനാമി’ ഇടപാടുകൾക്കെതിരെ (Commercial Concealment / തസത്തുർ) കർശന നടപടികളുമായി സൗദി അറേബ്യ. നാഷണൽ ആന്റി കൺസീൽമെന്റ് പ്രോഗ്രാം കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരിശോധനകളിൽ മാത്രം 106 പ്രാഥമിക ബിനാമി കേസുകൾ കണ്ടെത്തുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. 2026 രണ്ടാം പാദത്തിൽ വാണിജ്യ മന്ത്രാലയം നടത്തിയ 14,520 പരിശോധനകളിൽ 412 സംശയാസ്പദമായ കേസുകൾ കണ്ടെത്തുകയും, ആകെ 1.14 ദശലക്ഷം റിയാൽ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ലൈസൻസില്ലാത്ത വിദേശികൾക്ക് സൗദി പൗരന്മാരുടെ പേരിലുള്ള ലൈസൻസുകളോ അനുമതികളോ ഉപയോഗിച്ച് സ്വന്തം നിലയിൽ ബിസിനസ്സ് നടത്താൻ അവസരം നൽകുന്നതാണ് ബിനാമി കുറ്റകൃത്യമായി കണക്കാക്കുന്നത്. സൗദി നിയമപ്രകാരം ബിനാമി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക എന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. ഇതിനുപുറമെ, അനധികൃതമായി സമ്പാദിച്ച പണം കണ്ടുകെട്ടുക, സ്ഥാപനം അടച്ചുപൂട്ടി വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, കുറ്റക്കാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുക, വിദേശിയെ രാജ്യത്ത് നിന്ന് നാടുകടത്തി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത നടപടികളും നേരിടേണ്ടിവരും.
അതേസമയം, കുറ്റകൃത്യം സ്വമേധയാ വെളിപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ശിക്ഷയിൽ നിന്ന് ഒഴിവാകാൻ (Exemption) നിയമം ഏഴ് പ്രധാന വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്നുണ്ട്. പരാതി നൽകുന്ന നിമിഷം തന്നെ കുറ്റകൃത്യത്തിൽ നിന്ന് പിന്മാറുക, മറ്റു പങ്കാളികൾ പരാതി നൽകുന്നതിന് മുൻപും അധികൃതർ കുറ്റകൃത്യം കണ്ടെത്തുന്നതിന് മുൻപും വാണിജ്യ മന്ത്രാലയത്തെ വിവരമറിയിക്കുക എന്നിവയാണ് ഇതിൽ പ്രധാനം. അന്വേഷണം പൂർത്തിയാകുന്നത് വരെ അധികൃതരുമായി പൂർണ്ണമായി സഹകരിക്കുക, കുറ്റകൃത്യം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈമാറുക, തെളിവുകൾ നശിപ്പിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യാതിരിക്കുക, മറ്റു പ്രതികളുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്താൻ സഹായിക്കുക എന്നിവയും നിർബന്ധമാണ്. എന്നാൽ, ഈ നിബന്ധനകൾ പാലിച്ചാൽ പോലും ക്രിമിനൽ കോടതിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുകയുള്ളൂവെന്നും, സകാത്ത്, നികുതി ബാധ്യതകളിൽ നിന്ന് യാതൊരു ഇളവും ലഭിക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സൂപ്പർമാർക്കറ്റുകൾ, കഫേകൾ, ഇലക്ട്രോണിക്സ് കടകൾ, വാഹന വർക്ക്ഷോപ്പുകൾ, ജ്യൂസ് കടകൾ, പഴം-പച്ചക്കറി വിപണികൾ, മാംസ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യങ്ങൾ (POS) ഇല്ലാതിരിക്കുക, തൊഴിൽ-താമസ നിയമങ്ങൾ ലംഘിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്ന വീഴ്ചകൾ. ബിനാമി ഇടപാടുകളിൽ നിന്ന് മുക്തമാകുന്നതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കണമെന്നും, വ്യക്തിഗത അക്കൗണ്ടുകൾ ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു. കൂടാതെ, വേതന സുരക്ഷാ പദ്ധതിയിൽ (Wage Protection System) രജിസ്റ്റർ ചെയ്യുക, തൊഴിൽ കരാറുകൾ ഓൺലൈനായി രേഖപ്പെടുത്തുക, വിദേശികൾക്ക് സ്ഥാപനത്തിൽ പൂർണ്ണ നിയന്ത്രണം നൽകാതിരിക്കുക, ഇലക്ട്രോണിക് ബില്ലുകൾ (E-invoicing) നിർബന്ധമായും നൽകുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നാഷണൽ ആന്റി കൺസീൽമെന്റ് പ്രോഗ്രാം വ്യക്തമാക്കി.
