റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമലംഘനങ്ങൾക്ക് പരമാവധി 80 ലക്ഷം സൗദി റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും ഉൾപ്പെടെയുള്ള കർശന ശിക്ഷകളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നവംബർ 10ന് സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം രാജ്യത്ത് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോക്തൃ അവകാശങ്ങൾ ഏകീകൃത നിയമചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്ന ആദ്യത്തെ സമഗ്ര നിയമമാണ്.
പത്ത് അധ്യായങ്ങളിലായി 76 വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം നടപ്പാക്കുന്നതിൽ 20ലധികം സർക്കാർ സ്ഥാപനങ്ങൾ സഹകരിക്കും.
ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാപാരരീതികൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ റിവ്യൂകൾ, കൃത്രിമമായി സൃഷ്ടിക്കുന്ന ഉൽപ്പന്ന റേറ്റിങ്ങുകൾ എന്നിവയ്ക്ക് പുതിയ നിയമം വിലക്കേർപ്പെടുത്തുന്നു.
ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പരസ്പരം താരതമ്യം ചെയ്യുന്ന പരസ്യങ്ങൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുവദിക്കും. എന്നാൽ തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും എതിരാളികളായ സ്ഥാപനങ്ങൾക്ക് അന്യായമായി ദോഷം വരുത്തുന്നതും നിരോധിക്കും.
പ്രതിസന്ധികൾ, മഹാമാരികൾ, മറ്റ് അസാധാരണ സാഹചര്യങ്ങൾ എന്നിവയിൽ അന്യായമായി വില വർധിപ്പിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനും പരമാവധി ലാഭവിഹിതം നിശ്ചയിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് അവസരമൊരുക്കും.
കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമത്തിൽ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള പരസ്യങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തും.
ഉപഭോക്താക്കൾക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനും ഉപഭോക്തൃ സംഘടനകൾക്ക് അവരുടെ പേരിൽ കോടതിയെ സമീപിക്കുന്നതിനും പുതിയ നിയമം അവസരമൊരുക്കുന്നു.
ചെറിയ തർക്കങ്ങൾ കോടതിക്ക് പുറത്തുവെച്ച് വേഗത്തിൽ പരിഹരിക്കുന്നതിനുള്ള ലളിതമായ സംവിധാനങ്ങളും നിയമത്തിന്റെ ഭാഗമാണ്.
നിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് വൻതുക പിഴ, തടവ്, വ്യാപാര പ്രവർത്തനങ്ങൾ നിർത്തിവെക്കൽ, നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് പ്രസിദ്ധീകരിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാം.
പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമായിരിക്കും പ്രാബല്യത്തിൽ വരിക. അതോടെ നിലവിലുള്ള വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം, ഇ-കൊമേഴ്സ് നിയമം, വാണിജ്യ വിവര നിയമം എന്നിവയ്ക്ക് പകരമായി പുതിയ നിയമം നിലവിൽ വരും.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനും വിപണിയിലെ വിശ്വാസ്യതയും നീതിപൂർവമായ മത്സരവും ശക്തിപ്പെടുത്താനും പുതിയ നിയമം സഹായിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
