റിയാദ്: സൗദി അറേബ്യയിൽ പരിസ്ഥിതി സംരക്ഷണവും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 2026ലെ ദേശീയ പരിസ്ഥിതി സന്തുലിതാവസ്ഥ ക്യാമ്പയിന് തുടക്കമായി. ‘ബാലൻസ് കണക്ട്സ് അസ്’ (Balance Connects Us) എന്ന പ്രമേയത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ക്യാമ്പയിൻ ആരംഭിച്ചത്.
നവംബർ 15 മുതൽ 29 വരെ 15 ദിവസമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിസ്ഥിതി മേഖലയിലെ വിവിധ സർക്കാർ ഏജൻസികൾ, പ്രത്യേക കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടക്കുക.
പരിസ്ഥിതി സംരക്ഷണം ഒരു സ്ഥാപനത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനാകുകയെന്നും വ്യക്തമാക്കുന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ആവാസവ്യവസ്ഥകളുടെ സന്തുലിതാവസ്ഥ നിലനിർത്തുക, ജനങ്ങളിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കുക എന്നിവയ്ക്ക് ക്യാമ്പയിൻ പ്രത്യേക പ്രാധാന്യം നൽകുന്നു.
സൗദി വിഷൻ 2030 പദ്ധതിയുടെയും ദേശീയ പരിസ്ഥിതി തന്ത്രത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വന്യജീവി സംരക്ഷണം, സുസ്ഥിര മത്സ്യബന്ധനം, സസ്യാവരണം വർധിപ്പിക്കൽ, നശിച്ച ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങൾ ക്യാമ്പയിനിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സമുദ്ര പരിസ്ഥിതി സംരക്ഷണം, പവിഴപ്പുറ്റുകളുടെയും കടലാമകളുടെയും സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തും.
മാലിന്യ സംസ്കരണം, പുനരുപയോഗം, സർക്കുലർ ഇക്കോണമി, കാലാവസ്ഥാ നിരീക്ഷണം, പരിസ്ഥിതി സൗഹൃദ സാങ്കേതിക പരിഹാരങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള ധനസഹായ സംവിധാനങ്ങൾ എന്നിവയും ക്യാമ്പയിന്റെ ഭാഗമാണ്.
രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള ജനങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും നേരിട്ടുള്ള ബോധവൽക്കരണ പരിപാടികളിലൂടെയും ക്യാമ്പയിൻ നടപ്പാക്കും.
സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ക്യാമ്പയിനിൽ സജീവമായി പങ്കെടുക്കണമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അഭ്യർഥിച്ചു.
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭാവിതലമുറകൾക്കായി സൗദി അറേബ്യയുടെ പ്രകൃതിസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് ക്യാമ്പയിൻ കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
