റിയാദ്: സൗദി അറേബ്യയിൽ 2009 മുതൽ 2011 വരെ നിർമ്മിച്ച ഹ്യുണ്ടായ് എലാൻട്ര (Hyundai Elantra) കാറുകളുടെ ഉടമകൾക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. ഡ്രൈവറുടെ എയർബാഗ് ഇൻഫ്ലേറ്ററിലെ തകരാർ ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമായേക്കാമെന്നതിനാലാണ് മുന്നറിയിപ്പ്.
രാജ്യത്ത് ഇപ്പോഴും അറ്റകുറ്റപ്പണി നടത്താത്ത 44,305 വാഹനങ്ങളുടെ ഉടമകൾ ഉടൻ വാഹനമോടിക്കുന്നത് നിർത്തണമെന്നും അംഗീകൃത ഡീലർമാരുമായി ബന്ധപ്പെട്ട് സൗജന്യമായി തകരാർ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
നേരത്തെ പ്രഖ്യാപിച്ച തിരിച്ചുവിളിക്കൽ നടപടിയിൽ ആകെ 57,195 വാഹനങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ ഏകദേശം 12,890 വാഹനങ്ങളുടെ തകരാർ മാത്രമാണ് ഇതുവരെ പരിഹരിച്ചത്. ആകെ വാഹനങ്ങളുടെ 22 ശതമാനം മാത്രമാണിത്.
ശേഷിക്കുന്ന 44,305 വാഹനങ്ങൾ ഇപ്പോഴും അറ്റകുറ്റപ്പണി നടത്താതെ തുടരുന്നത് ഗൗരവകരമാണെന്നും വാഹന ഉടമകൾ സുരക്ഷാ നിർദേശങ്ങൾ അടിയന്തരമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
തകരാർ പരിഹരിക്കുന്നതിനായി വാഹന ഉടമകൾക്ക് അംഗീകൃത ഹ്യുണ്ടായ് ഡീലർമാരെ ബന്ധപ്പെടാം.
അംഗീകൃത ഡീലർമാരുടെ ടോൾ ഫ്രീ നമ്പറുകൾ:
– വല്ലാൻ കമ്പനി (Wallan): 8001240401
– അൽ മജ്ദൂഇ കമ്പനി (Almajdouie): 8003040777
– മുഹമ്മദ് യൂസുഫ് നാഗി ആൻഡ് ബ്രദേഴ്സ്: 8001240191
എയർബാഗുമായി ബന്ധപ്പെട്ട തകരാർ ഗുരുതരമായ സുരക്ഷാ അപകടത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ ബാധിത വാഹനങ്ങളുടെ ഉടമകൾ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ വാഹനം ഓടിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
