റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 4,13,450 ആംഫെറ്റമിൻ ലഹരി ഗുളികകൾ അൽ ഹദീഥ അതിർത്തി കസ്റ്റംസ് അധികൃതർ പിടികൂടി. രാജ്യത്തിന്റെ വടക്കൻ കര അതിർത്തി വഴി എത്തിയ വാണിജ്യ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്.
സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) ഔദ്യോഗിക വക്താവ് ഹമൂദ് അൽ ഹർബിയാണ് ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തിയ വിവരം അറിയിച്ചത്.
അൽ ഹദീഥ അതിർത്തി ചെക്ക്പോസ്റ്റിലെത്തിയ ട്രക്കിൽ പതിവ് കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. ടിന്നിലടച്ച ഫാവ ബീൻസ് (പയർവർഗം) അടങ്ങിയ ചരക്കിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകളെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ നടക്കുന്ന കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി കർശന പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും തുടരുമെന്ന് ഹമൂദ് അൽ ഹർബി അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തും മറ്റ് കസ്റ്റംസ് നിയമലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനുള്ള സംവിധാനങ്ങൾ:
– സുരക്ഷാ ഹോട്ട്ലൈൻ: 1910
– അന്താരാഷ്ട്ര നമ്പർ: 009661910
– ഇമെയിൽ: 1910@zatca.gov.sa
വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സ്ഥിരീകരിക്കപ്പെടുന്ന വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പൊതുജനാരോഗ്യവും ദേശീയ സമ്പദ്വ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ലഹരിക്കടത്തിനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
