റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂത്തി സായുധസംഘം നടത്തുന്ന തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ജോർദാൻ, ഈജിപ്ത്, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും അറബ് ലീഗും ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
മക്ക മേഖലയെ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദിലേക്കും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും അയച്ച സംഭവങ്ങളെ ജോർദാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
സൗദിയുടെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും എതിരായ ഗുരുതരമായ ലംഘനങ്ങളാണ് ആക്രമണങ്ങളെന്ന് ജോർദാൻ വ്യക്തമാക്കി. സാധാരണക്കാരെയും സിവിലിയൻ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
മക്ക, റിയാദ്, സൗദിയുടെ കിഴക്കൻ, തെക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള ബാലിസ്റ്റിക് മിസൈൽ, ക്രൂയിസ് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അറബ് ലീഗും ശക്തമായി അപലപിച്ചു.
ഇസ്ലാമിക പുണ്യസ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മതപരമായ വിശുദ്ധിയെ അവഹേളിക്കുന്നതും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് അറബ് ലീഗ് വ്യക്തമാക്കി.
ആക്രമണങ്ങളെ വിജയകരമായി തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയുടെ കാര്യക്ഷമതയെ അറബ് ലീഗ് പ്രശംസിച്ചു. ആക്രമണങ്ങൾ തുടരുന്നത് പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമാക്കുമെന്നും സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളായ 2216 (2015), 2817 (2026) എന്നിവ നടപ്പാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നടപടികൾ സ്വീകരിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.
മക്ക മേഖലയെ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷ ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ഈജിപ്ത് വ്യക്തമാക്കി.
കുവൈത്ത് വിദേശകാര്യ മന്ത്രാലയവും സൗദിക്കെതിരായ തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷ കുവൈത്തിന്റെയും മുഴുവൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെയും സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മക്ക, റിയാദ്, കിഴക്കൻ, തെക്കൻ മേഖലകൾ എന്നിവിടങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണങ്ങളെ ബഹ്റൈനും ശക്തമായി അപലപിച്ചു.
ദിവസങ്ങൾക്ക് മുമ്പ് മദീന മേഖലയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ തുടർന്ന് മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ആക്രമണശ്രമങ്ങളെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹൂത്തി ആക്രമണങ്ങളെ വിജയകരമായി തടഞ്ഞ സൗദി വ്യോമപ്രതിരോധ സേനയെ ബഹ്റൈൻ അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള സൗദിയുടെ നിയമാനുസൃത അവകാശത്തെയും ബഹ്റൈൻ പിന്തുണച്ചു.
ഹൂത്തികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും വിശുദ്ധ സ്ഥലങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനും ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു.
സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാ നിയമാനുസൃത നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന നിലപാടാണ് അറബ് രാജ്യങ്ങളും അറബ് ലീഗും ആവർത്തിച്ച് വ്യക്തമാക്കിയത്.
