റിയാദ്: തുർക്കിയിൽ പതിവ് സൈനിക ദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് സൈനികർ മരിച്ച സംഭവത്തിൽ സൗദി അറേബ്യ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
നവംബർ 13 വെള്ളിയാഴ്ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് തുർക്കി സർക്കാരിനും ജനങ്ങൾക്കും മരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്കും അഗാധമായ അനുശോചനം അറിയിച്ചത്.
തുർക്കിയിലെ മലാത്യ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. തുർക്കി സൈന്യത്തിന്റെ എസ്-70 (S-70) ഹെലികോപ്റ്ററാണ് തകർന്നുവീണത്.
അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് സൈനികരും മരിച്ചതായി തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ പ്രയാസകരമായ സാഹചര്യത്തിൽ തുർക്കി സർക്കാരിനും ജനങ്ങൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അപകടത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ആശ്വാസവും കരുത്തും ലഭിക്കട്ടെയെന്നും എല്ലാവർക്കും സുരക്ഷയും സമാധാനവും ഉണ്ടാകട്ടെയെന്നും സൗദി അറേബ്യ ആശംസിച്ചു.
