അന്റാലിയ: തുർക്കിയിൽ 5,000 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള സൗദി–തുർക്കി സഹകരണത്തിന്റെ ഭാഗമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും തുർക്കി ഊർജ, പ്രകൃതിവിഭവ മന്ത്രി അൽപാർസ്ലാൻ ബൈറക്താറുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31-നോടനുബന്ധിച്ചാണ് കരാർ ഒപ്പിട്ടത്.
സൗദി കമ്പനിയായ അക്വ പവർ (ACWA Power) തുർക്കിയിൽ നടപ്പാക്കുന്ന പുനരുപയോഗ ഊർജ പദ്ധതികളുടെ രണ്ടാംഘട്ട വികസനത്തിനാണ് പുതിയ ധാരണാപത്രം വഴിയൊരുക്കുന്നത്.
ഫെബ്രുവരി മൂന്നിന് റിയാദിൽ ഒപ്പുവെച്ച സർക്കാർതല കരാർ പ്രകാരം ആകെ 5,000 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളാണ് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ സിവാസ്, കരാമൻ പ്രവിശ്യകളിലായി 2,000 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ 3,000 മെഗാവാട്ട് അധിക ശേഷി വികസിപ്പിക്കും.
രണ്ടാംഘട്ട പദ്ധതികളിൽ കാറ്റാടി വൈദ്യുത നിലയങ്ങൾ, അത്യാധുനിക വൈദ്യുതി പ്രസരണ സംവിധാനങ്ങൾ, ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടും.
പുതിയ നിക്ഷേപങ്ങൾ തുർക്കിയുടെ ശുദ്ധ ഊർജ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനൊപ്പം സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള തന്ത്രപ്രധാന ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും തുർക്കി ഊർജ മന്ത്രി വ്യക്തമാക്കി.
