പാരീസ്: ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച പാരീസിൽ നടന്ന കൂടിക്കാഴ്ചകളിൽ ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സമുദ്ര സുരക്ഷയും പ്രധാന ചർച്ചാവിഷയങ്ങളായി.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും പ്രാദേശിക വിഷയങ്ങളും വിലയിരുത്തി. സമുദ്ര സുരക്ഷ ഉറപ്പാക്കുക, കപ്പൽ ഗതാഗത പാതകൾ സംരക്ഷിക്കുക, മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളിൽ സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടുമായുള്ള കൂടിക്കാഴ്ചയിൽ ജി7 അധ്യക്ഷസ്ഥാനത്ത് ഫ്രാൻസ് നടത്തുന്ന പ്രവർത്തനങ്ങളെയും മന്ത്രിതല യോഗത്തിലേക്ക് സൗദി അറേബ്യയെ ക്ഷണിച്ചതിനെയും ഫൈസൽ ബിൻ ഫർഹാൻ അഭിനന്ദിച്ചു.
സൗദിക്കെതിരെ ഹൂത്തി സായുധസംഘം തുടരുന്ന ആക്രമണങ്ങൾ, പ്രാദേശിക പ്രതിസന്ധികൾ നിയന്ത്രിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ, ജലപാതകളുടെ സുരക്ഷ, കപ്പൽ ഗതാഗത സ്വാതന്ത്ര്യം എന്നിവയും ചർച്ചയായി. ഫ്രാൻസിലെ സൗദി അംബാസഡർ ഡോ. ഫൈസൽ അൽ മുജ്ഫെലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യുനുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ വിലയിരുത്തി. നിലവിലെ പ്രാദേശിക വിഷയങ്ങളിലും അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിലും ഇരുവരും അഭിപ്രായങ്ങൾ കൈമാറി.
ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്കൊപ്പം മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ചർച്ച ചെയ്തു. സമുദ്ര ഗതാഗത പാതകളുടെ സംരക്ഷണവും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും എടുത്തുപറഞ്ഞു.
