ജിദ്ദ: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ കനത്ത മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അസീർ മേഖലയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ടും ഖസീമിൽ മഴയ്ക്കും ജസാൻ, റിയാദ് മേഖലകളിൽ മൂടൽമഞ്ഞിനും ഓറഞ്ച് അലർട്ടുമാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
അസീറിലെ അബഹ, അഹദ് റുഫൈദ, അൽ നമാസ്, ബൽഖർൺ, തനൂമ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച ഒരു കിലോമീറ്ററോ അതിൽ താഴെയോ ആയി കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുലർച്ചെ ഒരു മണി മുതൽ രാവിലെ എട്ട് മണി വരെയായിരുന്നു മുന്നറിയിപ്പ്.
ഖസീം മേഖലയിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മിതമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അബാനത്ത്, അൽ ഖബ്ര, അൽ റാസ്, അൽ ഫവ്വാറ, അൽ നബ്ഹാനിയ, റിയാദ് അൽ ഖബ്ര, ദരിയ, ഉഖ്ലത്ത് അൽ സുഖൂർ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴയോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴവർഷം, ഇടിമിന്നൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ദൂരക്കാഴ്ച പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജസാൻ മേഖലയിലെ അൽ ഹർത്ത്, അൽ ദായിർ, അൽ റീത്ത്, അൽ ആരിദ, അൽ ഈദാബി, ഫൈഫ, ഹറൂബ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുലർച്ചെ ഒരു മണി മുതൽ രാവിലെ എട്ട് മണി വരെ ദൂരക്കാഴ്ച ഒന്നുമുതൽ മൂന്ന് കിലോമീറ്റർ വരെ കുറഞ്ഞേക്കാമെന്നാണ് മുന്നറിയിപ്പ്.
റിയാദ് മേഖലയിലെ അൽ സുൽഫി, അൽ ഘാത്ത്, അൽ മജ്മഅ, ശഖ്റ എന്നിവിടങ്ങളിലും മൂടൽമഞ്ഞിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മണി വരെയായിരുന്നു മുന്നറിയിപ്പ്.
അതേസമയം, ജസാൻ, അസീർ, അൽ ബാഹ മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ആലിപ്പഴവർഷത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ വ്യക്തമാക്കി. ശക്തമായ മഴ മലവെള്ളപ്പാച്ചിലിന് കാരണമായേക്കാം.
മക്ക, റിയാദ് മേഖലകളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് പൊടിയും മണലും ഉയരുന്നത് ദൂരക്കാഴ്ച കുറയ്ക്കാനിടയുണ്ടെന്നും വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
