റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പ്രവേശിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
വെള്ളപ്പൊക്കത്തിൽ രൂപപ്പെടുന്ന ജലപ്രവാഹങ്ങളിൽ നീന്തുന്നതിനും ഇറങ്ങുന്നതിനും വിലക്കുണ്ട്. വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) പ്രവചനമനുസരിച്ച് മക്ക മേഖലയിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം മലവെള്ളപ്പാച്ചിൽ, ആലിപ്പഴവർഷം, പൊടിയും മണലും ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
റിയാദ് മേഖലയിലെ അഫീഫ്, അൽ ദവാദ്മി, ശഖ്റ, താദിഖ്, അൽ ഗാത്ത്, അൽ സുൽഫി, അൽ മജ്മഅ, റുമാഹ്, മറാത്ത് എന്നിവിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴ ലഭിച്ചേക്കും. റിയാദ് നഗരം, അൽ ഖുവയ്യിയ, അൽ റെയ്ൻ, ദുർമ, അൽ ഹരീഖ്, അൽ ഖർജ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
ജിസാൻ, അസീർ, അൽ ബാഹ, മദീന, ഹായിൽ, ഖസീം, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിൽ, ആലിപ്പഴവർഷം, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
