ബ്രസൽസ്: ലോകത്തെ 175 രാജ്യങ്ങൾക്കായി 145 ബില്യൺ ഡോളറിലധികം മാനുഷിക സഹായം സൗദി അറേബ്യ നൽകിയതായി സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ അറിയിച്ചു.
ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ‘എ ന്യൂ ആംബിഷൻ ഫോർ ഫ്രജൈൽ ആൻഡ് ഫ്രോണ്ടിയർ മാർക്കറ്റ്സ്’ എന്ന സെഷനിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.റിലീഫ് മുഖേന 113 രാജ്യങ്ങളിലായി 8.5 ബില്യൺ ഡോളറിലധികം ചെലവിൽ 4,000ത്തിലധികം മാനുഷിക സഹായ പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങളെ മാനുഷിക സഹായത്തെ മാത്രം ആശ്രയിക്കുന്നവയായി കാണാതെ, പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും സാധ്യതയുള്ള രാജ്യങ്ങളായി പരിഗണിക്കണമെന്ന് അൽ റബീഅ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുക, ദുരിതബാധിത മേഖലകളിലേക്ക് തടസ്സമില്ലാതെ സഹായം എത്തിക്കുക, പ്രാദേശിക തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സാമ്പത്തിക സഹായത്തിലെ കുറവ് പരിഹരിക്കാൻ നൂതന ധനസഹായ സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക ഗ്രാന്റുകൾ മാത്രം മതിയാകില്ലെന്നും സർക്കാർ ധനസഹായം, സ്വകാര്യ നിക്ഷേപം, സംയുക്ത ധനസഹായ പദ്ധതികൾ, നിക്ഷേപ അപകടസാധ്യത പങ്കിടുന്ന സംവിധാനങ്ങൾ എന്നിവ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക സഹായ പ്രവർത്തനങ്ങളെ ദീർഘകാല സാമ്പത്തിക സ്ഥിരതയിലേക്കും വികസനത്തിലേക്കും നയിക്കാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും ദുരിതബാധിത ജനവിഭാഗങ്ങളുടെ അന്തസ്സും ജീവിതസുരക്ഷയും ഉറപ്പാക്കണമെന്നും ഡോ. അബ്ദുല്ല അൽ റബീഅ ആഹ്വാനം ചെയ്തു.
