റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെക്കുന്നതിനായി ഹൂത്തികൾ റിയാദിനോട് 51 ബില്യൺ ഡോളർ (ഏകദേശം 51,000 കോടി ഡോളർ) ആവശ്യപ്പെട്ടുവെന്ന അന്താരാഷ്ട്ര മാധ്യമമായ ‘വൂൾ സ്ട്രീറ്റ് ജേണലിന്റെ’ (Wall Street Journal) വാർത്ത പൂർണ്ണമായി തള്ളി സൗദി വിദേശകാര്യ മന്ത്രാലയം. വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമായ ഈ റിപ്പോർട്ടിനെ ശക്തമായ ഭാഷയിലാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതിനിധി റാഇദ് ഖർമലി നിഷേധിച്ചത്. ഇത്തരമൊരു വാർത്തയ്ക്കും അവകാശവാദങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
നവംബർ 5-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ചർച്ചയിൽ പങ്കെടുത്തവരുടെ മൊഴിയെന്ന രീതിയിലാണ് വൂൾ സ്ട്രീറ്റ് ജേണൽ വാർത്ത നൽകിയത്. എന്നാൽ തൊട്ടടുത്ത ഖണ്ഡികയിൽ, കാര്യങ്ങൾ അറിഞ്ഞ ചിലരിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്ന് മാധ്യമം തന്നെ തിരുത്തിപ്പഴയുന്നത് മാധ്യമപ്രവർത്തനത്തിലെ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃത്യമായ രേഖകളുടെയോ ഉറവിടങ്ങളുടെയോ പിന്തുണയില്ലാതെ, കേട്ടുകേൾവികളെ മാത്രം ആസ്പദമാക്കി ഇത്തരമൊരു ഭീമമായ സംഖ്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച വാർത്താ പത്രത്തിന്റെ എഡിറ്റോറിയൽ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
പാശ്ചാത്യ അന്താരാഷ്ട്ര മാധ്യമങ്ങൾ മിഡിൽ ഈസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുമ്പോൾ പാലിക്കേണ്ട അടിസ്ഥാനപരമായ മാധ്യമ ധാർമ്മികതയും നിഷ്പക്ഷതയും കാറ്റിൽപ്പറത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു. വ്യക്തിപരമായ അജണ്ടകളുള്ള ചില ലേഖകർ നൽകുന്ന വ്യാജ വിവരങ്ങൾ കൃത്യമായ പരിശോധനകളോ തെളിവുകളോ കൂടാതെ വൻകിട മാധ്യമ സ്ഥാപനങ്ങൾ അച്ചടിച്ചിറക്കുന്നത് അവരുടെ വിശ്വസ്തതയ്ക്കാണ് മങ്ങലേൽപ്പിക്കുന്നത്. അവിശ്വസനീയവും സാങ്കൽപ്പികവുമായ കഥകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച വൂൾ സ്ട്രീറ്റ് ജേണലിന്റെ നീക്കം ആഗോളതലത്തിൽ തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
