റിയാദ്: വൈദ്യുത സംവിധാനത്തിലെ തകരാറിനെ തുടർന്ന് സൗദി അറേബ്യയിൽ 3,680 ഫോർഡ് ബ്രോങ്കോ, ബ്രോങ്കോ റാപ്റ്റർ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. തകരാർ വാഹനങ്ങളിൽ തീപിടിത്തത്തിനും അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
2021 മുതൽ 2026 വരെയുള്ള മോഡൽ വർഷങ്ങളിൽ പുറത്തിറങ്ങിയ ഫോർഡ് ബ്രോങ്കോ, ബ്രോങ്കോ റാപ്റ്റർ വാഹനങ്ങളാണ് തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
എൻജിൻ കമ്പാർട്ട്മെന്റിനുള്ളിലെ ചെറിയ വൈദ്യുത വയറുകളുടെ സംരക്ഷണ കവചത്തിലുണ്ടാകാവുന്ന തകരാറാണ് തിരിച്ചുവിളിക്കലിന് കാരണം. ഇതുമൂലം വയറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും ചെയ്യാം. ഇത് തീപിടിത്തത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാഹന ഉടമകൾ തങ്ങളുടെ വാഹനത്തിന്റെ തിരിച്ചറിയൽ നമ്പർ (VIN) ഉപയോഗിച്ച് Recalls.sa എന്ന വെബ്സൈറ്റിലൂടെ വാഹനം തിരിച്ചുവിളിക്കൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തിരിച്ചുവിളിക്കൽ ബാധകമായ വാഹനങ്ങളുടെ ഉടമകൾ അൽ ജസീറ വെഹിക്കിൾസ് ഏജൻസിയെ 8007492222 എന്ന നമ്പറിലോ മുഹമ്മദ് യൂസഫ് നാഗി കമ്പനിയെ 8001240218 എന്ന നമ്പറിലോ ബന്ധപ്പെടണം.
തകരാർ പരിഹരിക്കുന്നതിനുള്ള ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി നടത്തുമെന്നും സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
