മക്ക: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് അനധികൃതമായി മണ്ണ് ഖനനം നടത്തിയ അഞ്ച് പാകിസ്താൻ സ്വദേശികളെ മക്ക മേഖലയിൽ സ്പെഷ്യൽ ഫോഴ്സസ് ഫോർ എൻവയോൺമെന്റൽ സെക്യൂരിറ്റി (SFES) അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിലവിലെ നിയമങ്ങൾ പ്രകാരം തുടർനടപടികൾ ആരംഭിച്ചു.
മണ്ണ് ഖനനം ചെയ്യാനും കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന അഞ്ച് ഉപകരണങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു. പരിസ്ഥിതിക്കും വന്യജീവികൾക്കും ദോഷം വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന നടപടികൾ ശക്തമായി തുടരുകയാണെന്ന് SFES അറിയിച്ചു.
പരിസ്ഥിതി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും SFES ആവശ്യപ്പെട്ടു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യാം.
ലഭിക്കുന്ന എല്ലാ പരാതികളും പൂർണമായും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരം നൽകുന്നവർക്ക് ഇതിന്റെ പേരിൽ യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
