റിയാദ്: സൗദി അറേബ്യയിലെ ഖനന, ക്വാറി പ്രവർത്തനങ്ങളിൽ ജൂലൈയിൽ ശക്തമായ വളർച്ച. ജൂണിനെ അപേക്ഷിച്ച് 19 ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. ഇതിന്റെ ഫലമായി രാജ്യത്തെ മൊത്തം വ്യവസായ ഉൽപാദന സൂചികയിൽ (IPI) മാസാടിസ്ഥാനത്തിൽ 10.4 ശതമാനം വർധനയുണ്ടായി.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരമാണിത്. ഉൽപാദന മേഖലയിലും ജൂലൈയിൽ മാസാടിസ്ഥാനത്തിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തി. കോക്ക്, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപാദനത്തിൽ 6.5 ശതമാനം വർധനയാണ് ഇതിന് പ്രധാനമായും കാരണമായത്.
എണ്ണ മേഖലയിലെ പ്രവർത്തനങ്ങളിൽ ജൂണിനെ അപേക്ഷിച്ച് 16.3 ശതമാനം വർധനയുണ്ടായി. അതേസമയം, എണ്ണയിതര പ്രവർത്തനങ്ങളിൽ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വൈദ്യുതി, വാതകം, ആവി, എയർ കണ്ടീഷനിങ് വിതരണ മേഖലയിൽ മാസാടിസ്ഥാനത്തിൽ 5.4 ശതമാനം വളർച്ചയുണ്ടായി. ജലവിതരണം, മലിനജല നിർമാർജനം, മാലിന്യസംസ്കരണം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയിലും 2.6 ശതമാനം വർധന രേഖപ്പെടുത്തി.
വാർഷിക കണക്കിൽ വ്യവസായ ഉൽപാദനം കുറഞ്ഞു
എന്നാൽ, 2025 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 2026 ജൂലൈയിൽ സൗദിയുടെ മൊത്തം വ്യവസായ ഉൽപാദന സൂചിക 8.1 ശതമാനം കുറഞ്ഞു. ഖനന-ക്വാറി പ്രവർത്തനങ്ങളിലും ഉൽപാദന മേഖലയിലുമുണ്ടായ ഇടിവാണ് വാർഷികാടിസ്ഥാനത്തിലുള്ള കുറവിന് പ്രധാന കാരണം.
ഖനന, ക്വാറി പ്രവർത്തനങ്ങൾ വാർഷികാടിസ്ഥാനത്തിൽ 10.9 ശതമാനം കുറഞ്ഞപ്പോൾ ഉൽപാദന മേഖലയിൽ 5.8 ശതമാനം ഇടിവുണ്ടായി. ഉൽപാദന മേഖലയ്ക്കുള്ളിൽ ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപാദനം 13.6 ശതമാനവും രാസവസ്തുക്കളുടെയും രാസ ഉൽപന്നങ്ങളുടെയും ഉൽപാദനം 4 ശതമാനവും കുറഞ്ഞു.
എണ്ണ മേഖലയിലെ പ്രവർത്തനങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 11.4 ശതമാനം ഇടിവുണ്ടായി. എണ്ണയിതര പ്രവർത്തനങ്ങളിൽ 0.3 ശതമാനം നേരിയ കുറവും രേഖപ്പെടുത്തി.
അതേസമയം, വൈദ്യുതി, വാതകം, ആവി, എയർ കണ്ടീഷനിങ് വിതരണ മേഖലയിൽ വാർഷികാടിസ്ഥാനത്തിൽ 4.5 ശതമാനം വളർച്ചയുണ്ടായി. ജലവിതരണം, മലിനജല നിർമാർജനം, മാലിന്യസംസ്കരണം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയിൽ 7.8 ശതമാനം വർധനയും രേഖപ്പെടുത്തി.
