റിയാദ്: യെമൻ പ്രെസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽ അലിമിയുടെയും കൗൺസിൽ അംഗങ്ങളുടെയും എല്ലാ നിർണ്ണായക തീരുമാനങ്ങൾക്കും ലോകമെമ്പാടുമുള്ള യെമനി പ്രവാസി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഹൈ കൗൺസിൽ ഓഫ് യെമനി കമ്മ്യൂണിറ്റീസ് ആഗോള പ്രസിഡന്റ് മഹ്ദി അൽ നഹാരി വ്യക്തമാക്കി. യെമനിലെ ഇഷ്യൂ ചെയ്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാൻ ഏജന്റുമാരായ ഹൂതികളിൽ നിന്ന് രാജ്യത്തിന്റെ ഓരോ ഇഞ്ചും മോചിപ്പിക്കുന്നതിനായി വിവിധ മുന്നണികളിൽ പോരാടുന്ന യെമനി സൈന്യത്തിന്റെയും സുരക്ഷാ സേനയുടെയും ധീരമായ പങ്കിനെയും ത്യാഗങ്ങളെയും കൗൺസിൽ പ്രകീർത്തിച്ചു.
വർഷങ്ങളായി രാജ്യത്തെ തകർക്കുകയും യെമനികളെ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിടുകയും ചെയ്ത ഹൂതി വിമതരുടെ അട്ടിമറി ഭരണത്തിന് അന്ത്യം കുറിക്കാനും ഭരണകൂട സംവിധാനങ്ങൾ വീണ്ടെടുക്കാനും നിയമപരമായ മാതൃരാജ്യ നേതൃത്വത്തോടൊപ്പം (ഭരണകൂടത്തോടൊപ്പം) അണിനിരക്കുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. കൂടാതെ, യെമനും യെമനികൾക്കും എന്നും പിന്തുണ നൽകുന്ന സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തുന്ന ഭീരുത്വം നിറഞ്ഞ ആക്രമണങ്ങളെ യെമനി കൗൺസിൽ ശക്തമായി അപലപിച്ചു. മേഖലയുടെ സുസ്ഥിരത തകർക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ്റെ സഹായത്തോടെ നടത്തുന്ന ഈ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയ്ക്ക് സ്വന്തം കരുത്തുണ്ടെന്നും, സൗദി ജനതയ്ക്കൊപ്പം പ്രവാസി യെമനികൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മഹ്ദി അൽ നഹാരി കൂട്ടിച്ചേർത്തു.
