റിയാദ്: വാഹനത്തിന്റെ വലുപ്പത്തിനും ഉപയോഗത്തിനും അനുയോജ്യമല്ലാത്ത ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് (ഇദ അറത് അൽ മുറൂർ) വ്യക്തമാക്കി. ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെയാണ് ട്രാഫിക് വിഭാഗം പൊതുജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു. വാഹനം ഓടിക്കുന്ന ഡ്രൈവർമാർ തങ്ങൾ ഓടിക്കുന്ന വാഹന വിഭാഗത്തിന് (കാർ, ഹെവി വാഹനം, പബ്ലിക് ട്രാന്‍സ്പോർട്ട്, മോട്ടോർ സൈക്കിൾ തുടങ്ങിയവ) അനുയോജ്യമായ സാധുതയുള്ള ലൈസൻസ് കൈവശമുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
