റിയാദ്: രാവിലെ കുവൈത്തിലെ അൽ മുബാറകിയ മാർക്കറ്റിൽ നിന്ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ ബാബ് അൽ ബഹ്റൈനിൽ നിന്ന് ഉച്ചഭക്ഷണം, രാത്രി സൗദി അറേബ്യയിലെ ദർഇയ്യയിലെ അത്-തുറൈഫിൽ നിന്ന് അത്താഴം—ഈ സ്വപ്നം ഇനി ഒറ്റ വിസയിൽ സാധ്യമാകുന്നു.
ആറ് ഗൾഫ് രാജ്യങ്ങളെയും ഒറ്റ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്ന ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ (‘ഗൾഫ് ഷെൻഗൻ’) പദ്ധതിയുടെ അവസാന ഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയായതായും പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബിദൈവി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയങ്ങളിലെ പാസ്പോർട്ട് വിഭാഗങ്ങളുടെ നിരന്തരമായ സാങ്കേതിക ഏകോപനത്തിലൂടെയാണ് പദ്ധതി അന്തിമഘട്ടത്തിലെത്തിയത്.
ഈ പദ്ധതി വെറുമൊരു വിസയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ശക്തമായ സുരക്ഷാ-സാങ്കേതിക അടിത്തറയിലുള്ള പുതിയൊരു മുന്നേറ്റമാണ്. സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനുമായി നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സംയുക്ത സ്ട്രാറ്റജി രൂപീകരിച്ചുവരികയാണ്. ഇതിനകം തന്നെ വിജയകരമായി നടപ്പാക്കിയ ട്രാഫിക് നിയമലംഘനങ്ങളുടെ ഇലക്ട്രോണിക് ലിങ്കിംഗ്, ഡ്രൈവിംഗ് ലൈസൻസുകളുടെ പരസ്പര അംഗീകാരം തുടങ്ങിയ കൂട്ടായ്മകൾ പദ്ധതിക്ക് കൂടുതൽ കരുത്തേകുന്നു.
അതേസമയം, മേഖലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ചില വിദേശ സംഘങ്ങളും രാജ്യങ്ങളും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും അൽ ബിദൈവി വെളിപ്പെടുത്തി. ഈ സുരക്ഷാ ഭീഷണികളെ ചെറുക്കാൻ കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വരുത്തിയ ഏകീകൃത സുരക്ഷാ പദ്ധതിയിലൂടെയും സംയുക്ത കമ്മിറ്റികളുടെ ഏകോപനത്തിലൂടെയും ജി.സി.സി രാജ്യങ്ങൾ ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്. ഗൾഫ് ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നിർദ്ദേശങ്ങൾ മേഖലയിലെ സുരക്ഷയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കിക്കൊണ്ട് പുതിയൊരു യാത്രാ സംസ്കാരത്തിന് തുടക്കമിടുകയാണ്.
