മനാമ: ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്ത് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ-ജലാജിലുമായി കൂടിക്കാഴ്ച നടത്തി.
ജിസിസി ആരോഗ്യ മന്ത്രിമാരുടെ സമിതിയുടെ 12-ാമത് യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സൗദി ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
സൗദി നേതൃത്വത്തിന്റെ ആശംസകളും ബഹ്റൈനും ജനങ്ങൾക്കും തുടർച്ചയായ പുരോഗതിയും സമൃദ്ധിയും നേരുന്നതായും അൽ-ജലാജിൽ ബഹ്റൈൻ കിരീടാവകാശിയെ അറിയിച്ചു. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധം ഇരുപക്ഷവും സ്ഥിരീകരിച്ചു.
ആരോഗ്യ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നത് ആരോഗ്യ സംവിധാനങ്ങളുടെ വികസനത്തിനും അവയുടെ തയ്യാറെടുപ്പും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണെന്നും ഇരുപക്ഷവും വ്യക്തമാക്കി.
ബഹ്റൈനിൽ നടന്ന ജിസിസി ആരോഗ്യ മന്ത്രിമാരുടെ സമിതിയുടെ 12-ാമത് യോഗത്തിലും ജിസിസി കൗൺസിൽ ഓഫ് ഹെൽത്ത് മന്ത്രിമാരുടെ 89-ാമത് യോഗത്തിലും അൽ-ജലാജിൽ പങ്കെടുത്തു. പൊതുവായ ആരോഗ്യ മുൻഗണനകളും അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗങ്ങളിൽ ചർച്ചയായി.
ആരോഗ്യ മേഖലയിലെ നവീകരണവും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിക്കൽ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തൽ, 2026–2030 ജിസിസി ആരോഗ്യ മന്ത്രിമാരുടെ ഏകീകൃത പ്രവർത്തന പദ്ധതിയുടെ നടപ്പാക്കൽ പുരോഗതി എന്നിവ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിൽ ഉൾപ്പെട്ടു.
ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും ആരോഗ്യ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിനായി അംഗരാജ്യങ്ങൾ തമ്മിൽ സഹകരണവും വൈദഗ്ധ്യവും വിജയകരമായ പ്രവർത്തന മാതൃകകളും കൈമാറുന്നതിനുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.
പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി അൽ-ജലാജിൽ പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. ആരോഗ്യ മേഖലയിലെ പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണ സാധ്യതകളും അദ്ദേഹം ചർച്ച ചെയ്തു.
2027ൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി സുപ്രീം കൗൺസിലിന്റെ 47-ാമത് സമ്മേളനത്തിലേക്ക് ജിസിസി ആരോഗ്യ മന്ത്രിമാരെ അൽ-ജലാജിൽ സ്വാഗതം ചെയ്തു.
