റിയാദ്: 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ റിയാദിൽ നടക്കുന്ന എക്സ്പോ 2030യിൽ ഔദ്യോഗിക പങ്കാളിത്തം സ്ഥിരീകരിച്ച് ഒമാൻ സുൽത്താനേറ്റ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.
ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി കൂടിയായ ഒമാൻ പവലിയൻ കമ്മീഷണർ ജനറൽ സയ്യിദ് സഈദ് സുൽത്താൻ അൽ ബുസൈദിയും എക്സ്പോ 2030 റിയാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തലാൽ അൽ മറിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. എക്സ്പോ വേദിയിൽ നടന്ന ചടങ്ങിലായിരുന്നു കരാർ ഒപ്പിടൽ.
കരാറോടെ ഒമാൻ പവലിയന്റെ വികസനം ഉൾപ്പെടെയുള്ള അടുത്ത ഘട്ട ഒരുക്കങ്ങൾക്ക് തുടക്കമാകും. എക്സ്പോ വേദിയിലെ നിർമാണ പുരോഗതി വിലയിരുത്തിയ പ്രതിനിധികൾ ഒമാൻ പവലിയനായി അനുവദിച്ച സ്ഥലവും സന്ദർശിച്ചു.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും ആഴത്തിലുള്ള സഹകരണത്തിന്റെയും പ്രതിഫലനമാണ് പങ്കാളിത്ത കരാർ ഒപ്പിടലെന്ന് സയ്യിദ് അൽ ബുസൈദി പറഞ്ഞു. ഒമാന്റെ പൈതൃകവും സംസ്കാരവും ജനങ്ങളുടെ നേട്ടങ്ങളും ഭാവി അഭിലാഷങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതായിരിക്കും എക്സ്പോയിലെ പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാന്റെ കരാർ ഒപ്പിടൽ എക്സ്പോ 2030 റിയാദിലെ അന്താരാഷ്ട്ര പങ്കാളിത്തത്തിന് കൂടുതൽ വേഗം നൽകുന്നതാണെന്ന് തലാൽ അൽ മറി പറഞ്ഞു. വിവിധ രാജ്യങ്ങൾ പങ്കാളിത്തം സ്ഥിരീകരിക്കുന്ന ഘട്ടത്തിൽ നിന്ന് പവലിയനുകളുടെയും പ്രദർശനങ്ങളുടെയും വികസനത്തിലേക്ക് കടക്കുന്നതോടെ റിയാദിൽ ആഗോള സംഗമത്തിനുള്ള ദർശനം കൂടുതൽ യാഥാർഥ്യമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസും ബഹ്റൈനും നേരത്തെ പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിരുന്നു. എക്സ്പോ ആരംഭിക്കുന്നതിന് നാല് വർഷത്തിലേറെ മുമ്പുതന്നെ വിവിധ രാജ്യങ്ങൾ പങ്കാളിത്ത കരാറുകളിൽ ഒപ്പിടുന്നത് വേൾഡ് എക്സ്പോകളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായ വേഗതയാണെന്ന് സംഘാടകർ വ്യക്തമാക്കി.
“നാളേക്കുള്ള ദീർഘവീക്ഷണം” (Foresight for Tomorrow) എന്ന പ്രമേയത്തിലാണ് എക്സ്പോ 2030 റിയാദ് സംഘടിപ്പിക്കുന്നത്. രാജ്യങ്ങളും സംഘടനകളും ഒരുമിച്ച് ആഗോള വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുകയും അറിവുകളും കാഴ്ചപ്പാടുകളും കൈമാറുകയും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനുള്ള വേദിയായിരിക്കും എക്സ്പോ.
ആകെ 197 ഔദ്യോഗിക പങ്കാളികളും 4.2 കോടി സന്ദർശനങ്ങളും എക്സ്പോ 2030 റിയാദിൽ പ്രതീക്ഷിക്കുന്നുണ്ട്.
