ബെർലിൻ: സൗദി അറേബ്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപ്രധാന സംഭാഷണം (Strategic Dialogue) സ്ഥാപിക്കുന്ന ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ജർമൻ ഫെഡറൽ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുലും ബെർലിനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വിദേശകാര്യ മന്ത്രിതലത്തിൽ തന്ത്രപ്രധാന സംഭാഷണത്തിന് രൂപം നൽകുന്നതിലൂടെ വിവിധ മേഖലകളിലെ കൂടിയാലോചനയും ഏകോപനവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിലയിരുത്തിയ മന്ത്രിമാർ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
പ്രാദേശിക സാഹചര്യവും കൂടിക്കാഴ്ചയിൽ പ്രധാനമായി ചർച്ചയായി. അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെയും സമുദ്ര ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യം ഇരുപക്ഷവും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ഇത് അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
പ്രാദേശികവും അന്തർദേശീയവുമായ പ്രതിസന്ധികൾക്ക് സമാധാനപരവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് സൗദിയും ജർമനിയും പിന്തുണ അറിയിച്ചു.
സാമ്പത്തിക, വ്യാപാര ബന്ധങ്ങളും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ നിലവിലെ തോതും അത് കൂടുതൽ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ വിലയിരുത്തി. വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപ-സഹകരണ സാധ്യതകൾ തുറക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും താൽപര്യവും കൂടിക്കാഴ്ചയിൽ പ്രതിഫലിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ രാജ്യങ്ങളുടെ ജനറൽ ഡയറക്ടർ അംബാസഡർ അബ്ദുറഹ്മാൻ അൽ-അഹ്മദ്, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-യഹ്യ, ജർമനിയിലെ സൗദി എംബസിയുടെ ആക്ടിങ് ചാർജെ ഡി അഫയേഴ്സ് ഏഷ്യ ബാഅഖ്ദ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
